സോഷ്യല്‍ മീഡിയയില്‍ മതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരില്‍ യു.എ.ഇയില്‍ മൂന്ന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടി ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കുറ്റകരമായ പോസ്റ്റുകള്‍ തൊഴിലുടമകളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടി. ദുബായിലെ പ്രശസ്തമായ ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ഷെഫായ റാവത് രോഹിത്, ഷാര്‍ജയിലെ കമ്പനിയില്‍ സ്റ്റോര്‍കീപ്പറായ സചിന്‍ കിന്നിഗോളി, കമ്പനി പേരു വെളിപ്പെടുത്താത്ത കാഷ്യര്‍ എന്നിവരെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തത്. കൂടാതെ ഇവരെ നിയമ നടപടികള്‍ക്കായി പൊലീസിന് കൈമാറുകയും ചെയ്തു.
അടുത്തിടെ നിരവധി ഇന്ത്യക്കാര്‍ക്ക് ഇത്തരത്തില്‍ ജോലി നഷ്ടമാകുകയും നിയമനടപടി നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഷെഫായി ജോലി ചെയ്തിരുന്ന റാവത്ത് രോഹിത്തിനെ സസ്പെന്‍ഡ് ചെയ്തതായും ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുകയാണെന്നും ദുബായിലെ ഉയര്‍ന്ന നിലവാരമുള്ള ഇറ്റാലിയന്‍ റെസ്റ്റോറന്റുകളുടെ ശൃംഖലയായ ഈറ്റാലി പ്രവര്‍ത്തിപ്പിക്കുന്ന അസദിയ ഗ്രൂപ്പിന്റെ വക്താവ് സ്ഥിരീകരിച്ചു.
ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ ജോലിക്ക് ഹാജരാകേണ്ടതില്ലെന്ന് സ്റ്റോര്‍ കീപ്പര്‍ ആയി ജോലി ചെയ്തിരുന്ന സച്ചിന്‍ കിന്നിഗോളിയെ അറിയിച്ചതായി ഷാര്‍ജ ആസ്ഥാനമായുള്ള ന്യൂമിക്സ് ഓട്ടോമേഷന്‍ അറിയിച്ചു.
”ഞങ്ങള്‍ അദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞിട്ടുണ്ട്, ജോലിക്ക് വരേണ്ടതില്ലെന്ന് അറിയിച്ചു. വിഷയം അന്വേഷണത്തിലാണ്. ഞങ്ങള്‍ക്ക് സീറോ ടോളറന്‍സ് നയമുണ്ട്. ആരുടെയെങ്കിലും മതത്തെ അവഹേളിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ അതിന്റെ അനന്തരഫലങ്ങള്‍ വഹിക്കേണ്ടിവരും, ‘ സ്ഥാപനത്തിന്റെ ഉടമ പറഞ്ഞു.
വിശാല്‍ താക്കൂര്‍ എന്ന പേരില്‍ നിരവധി ഇസ്ലാമിക വിരുദ്ധ സന്ദേശങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥനെ പുറത്താക്കിയതായി ദുബായ് ആസ്ഥാനമായുള്ള ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ് അറിയിച്ചു. ആഭ്യന്തര അന്വേഷണത്തില്‍ ഇയാളുടെ യഥാര്‍ത്ഥ ഐഡന്റിറ്റി കണ്ടെത്തുകയും അയാളുടെ സുരക്ഷാ യോഗ്യതാപത്രങ്ങള്‍ നീക്കം ചെയ്യുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കമ്പനി നയവും 2012 ലെ യുഎഇ സൈബര്‍ ക്രൈം നിയമ നമ്പര്‍ അഞ്ചും അനുസരിച്ച് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ ദുബായ് പൊലീസിന്റെ കസ്റ്റഡിയിലാണ്.