കോവിഡ് വ്യാപനത്തിന് സാമുദായിക നിറം നല്‍കരുത്: രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന് സാമുദായിക നിറം നല്‍കുന്നതിനെതിരെ മുന്നറിയിപ്പുമായി ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇത്തരം നീക്കങ്ങള്‍ അപകടകരമാണെന്നും കൂട്ടായാമ്കളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സാമൂഹിക അകലം പാലിച്ചില്ലെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രഘുറാം രാജന്റെ മുന്നറിയിപ്പ്.
കോവിഡ് വ്യാപനം ഒരു മുസ്ലീം ഗൂഢാലോചനയാണെന്ന ചില ആരോപണങ്ങള്‍ ഇന്ത്യയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ വലിയ പൊട്ടിത്തെറിയിലേക്ക് എത്തിയേക്കാം. സ്വന്തം രാജ്യത്തിനകത്ത് സമ്മേളിക്കാനുള്ള സാഹചര്യം പോലും പിന്നീട് ഇല്ലാതായേക്കാം- അദ്ദേഹം പറഞ്ഞു.
ചിക്കാഗോ സര്‍വകലാശാലയുടെ വെര്‍ച്വല്‍ ഹാര്‍പര്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസ് മഹാമാരി മൂലം ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന അസാധാരണമായ വെല്ലുവിളികളോടുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന സംഭവ വികാസങ്ങളെയും നയപരമായ പ്രശ്നങ്ങളെയും കുറിച്ച് ലോകമെമ്പാടുമുള്ള കാഴ്ചപ്പാടുകള്‍ നല്‍കുന്നതിനായി രാജനും മറ്റ് 11 പേരും ഐഎംഎഫ് എം.ഡി ക്രിസ്റ്റലീന ജോര്‍ജിയേവയുടെ ഒരു ബാഹ്യ ഉപദേശക ഗ്രൂപ്പിലേക്ക് അടുത്തിടെ നിയമിതനായി.
2016 സെപ്റ്റംബര്‍ വരെ മൂന്നുവര്‍ഷം റിസര്‍വ് ബാങ്കിന്റെ തലവനായിരുന്ന രഘുറാം രാജന്‍ നിലവില്‍ ഐഎംഎഫിന്റെ എക്സ്റ്റേണല്‍ അഡൈ്വസറി വിഭാഗം അംഗമായാണ് പ്രവര്‍ത്തിക്കുന്നത്.