അമ്മയുടെ അദൃശ്യകരങ്ങള്‍

ചെറുകഥ:- അഞ്ജുഅനിയന്‍


അദൃശ്യമായ ഏതോ സ്പര്‍ശം ഞാനറിഞ്ഞു പതിയെ കണ്ണുകള്‍ തുറന്നു. അതെ അദൃശ്യമായതെന്തോ എന്നെ തഴുകുംപോലെ… പ്രഭാതം തിരക്കൊഴിഞ്ഞതായിരുന്നു. ഞാന്‍ ജനല്‍പാളികളില്‍ കൂടി നോക്കി. അമ്മ ഇപ്പോഴും ഉറങ്ങുകയാവും. ഉറങ്ങട്ടെ പാവം. കണ്ണുനിറഞ്ഞോ എന്റെ, എന്തിന് ? കുറ്റബോധത്തിന്റെ തീച്ചൂളില്‍ നീറിനീറി ഈ അഞ്ചു ദിവസങ്ങളില്‍ ഒക്കെ വറ്റി ഇല്ലാണ്ടായിരിക്കുന്നു.
മുറ്റത്തു പന്തല്‍ ഒക്കെ അഴിച്ചുമാറ്റിയിരിക്കുന്നു. അച്ഛന്‍ ഉമ്മറത്തെ കസേരയില്‍ എന്തോ ചിന്തിച്ചിരിക്കുന്നുണ്ട്. ഫോണ്‍ അച്ഛനെ നോക്കി ചിരിക്കുന്നു. ഞാന്‍ പതിയെ എടുത്തുനോക്കി. ആദരാഞ്ജലികളും അനുശോചനങ്ങളും…ഇന്‍ബോക്‌സില്‍ വായിക്കാത്ത നിരവധി മെസേജുകളായിരുന്നു അധികവും.
ഞാന്‍ തിരികെ അടുക്കളയില്‍ കയറി. അമ്മയുടെ പരിഭവങ്ങളും പരാതികളും സന്തോഷവും ഒക്കെ നിറഞ്ഞുനിന്നിരുന്ന അവിടെ പക്ഷേ രാവിലെയുള്ള പാത്രങ്ങളുടെ ശബ്ദവും കോലാഹലങ്ങളുമില്ല.. നിശബ്ദത എങ്ങും തളം കെട്ടിനിന്നു.


എവിടെയാണ് തെറ്റുപറ്റിയത്. പരസ്പരം സംസാരിക്കാന്‍ പോലും നേരമില്ലായിരുന്നു ആര്‍ക്കും. എല്ലാവര്‍ക്കും അവരുടെ കാര്യങ്ങള്‍. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അമ്മ അടുക്കളയിലേക്കും. അച്ഛന്‍ ഫോണും ടി.വിയുമായി ഇരിക്കുമ്പോള്‍ ഞാനും മുറിക്കുള്ളില്‍ ഫോണിന്റെ സ്‌ക്രീനില്‍ കണ്ണോടിക്കുകയായിരിക്കും.
നേരം വൈകിയാണ് അമ്മ ഉറങ്ങുന്നത്. അതിനിടയില്‍ എന്നെ വന്നു നോക്കും. പഠിക്കുകയാണോ എന്നറിയാന്‍, പക്ഷേ വിദഗ്ധമായി അമ്മയെ പറ്റിച്ചിരുന്നു ഞാന്‍ അന്നൊക്കെ.
എനിക്കിഷ്ടം അച്ഛനെയായിരുന്നു. എന്റെ എല്ലാ ഇഷ്ടങ്ങളും നടത്തി തരുന്ന സുന്ദരനായ അച്ഛന്‍ എന്റെ അഹങ്കാരമായിരുന്നു… അമ്മയ്ക്ക് പ്രായംകൂടുംതോറും വിരൂപയായി വരുകയാണോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു.
എന്റെ കണ്ണില്‍ അമ്മ എപ്പോഴും വഴക്കുപറയുന്ന സ്ത്രീയായിരുന്നു. പഠിക്കാന്‍, വിളക്കു വെക്കാന്‍, പ്രാര്‍ഥിക്കാന്‍, ഫോണുപയോഗിച്ചതിന്… ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും എല്ലാം.
രാവിലെ നാലിന് എഴുന്നേല്‍ക്കുന്ന അമ്മ ഉറങ്ങുമ്പോള്‍ രാത്രി 11 മണി കഴിയുമായിരുന്നു.
ഒരിക്കല്‍ കാമുകന്‍ ഞാനയച്ച എന്റെ ഫോട്ടോകള്‍ കാണിച്ചു ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വന്നപ്പോള്‍, ഞാന്‍ ഒരു മുഴം കയറില്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മ തക്കസമയത്ത് എന്നെ രക്ഷിച്ചു അവനെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കുമായിരുന്നോ? അറിയില്ല. എത്ര പെട്ടെന്നാണ് അമ്മയുടെ ശക്തി മനസ്സിലാകുന്നത്. പുച്ഛത്തോടെ ഞാന്‍ കണ്ടിരുന്ന അമ്മ, എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ അധികസമയം വേണ്ടിവന്നില്ല, അതുവരെ അമ്മയില്‍ കണ്ടിരുന്ന വൈരൂപ്യങ്ങള്‍ അലിഞ്ഞലിഞ്ഞ് ഒരു ദേവതയായി മാറി.
വീടിനു മുന്നിലെ ചിതയില്‍ എരിഞ്ഞടങ്ങിയത് സ്‌നേഹിച്ചുതീരാത്ത ഞങ്ങളുടെ മോഹങ്ങളാണ്, സുരക്ഷയാണ്, കരുതലാണ്…..
അലക്കാനായി ഇട്ടിരുന്ന തുണികളില്‍ നിന്ന് അമ്മയുടെ സാരിയില്‍ അമ്മയുടെ മണം. അലക്കി വിരിക്കുമ്പോള്‍ അതില്‍ നിന്നു ജലകണങ്ങള്‍ ഇറ്റിറ്റു ഭൂമിയിലേക്കിറങ്ങി. ഭക്ഷണം കഴിക്കാനിരുന്ന അച്ഛന്റെ വിഷാദമുഖം കഞ്ഞിയില്‍ പ്രതിഫലിച്ചു. അമ്മയുടെ ശബ്ദമില്ലാത്ത ലോകത്ത് ഞങ്ങള്‍ സ്വയംപര്യാപ്തരാകുന്നത് കണ്ട് അമ്മ അവിടെ എവിടെയോ നിന്ന് സന്തോഷിക്കുന്നുണ്ടാകാം.