കൊച്ചി: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെങ്ങും പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാര്‍ഷിക മേഖലയെയും കാര്യമായി ബാധിക്കുമെന്നാണ് സൂചന. തമിഴ്നാട്ടിലെ കാര്‍ഷിക ജോലികളും വിളവെടുപ്പും മുതല്‍ വില്പനവരെയുള്ള മേഖലകളെ ലോക്ക് ഡൗണ്‍ കാര്യമായി ബാധിച്ചുതുടങ്ങിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു. തമിഴ്നാട്ടിലെ പഴം, പച്ചക്കറി അടക്കമുള്ള കൃഷികളും ലോക്ക് ഡൗണിനെ തുടര്‍ന്ന് വലിയ പ്രതിസന്ധി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്. പഴം, പച്ചക്കറി, അരി തുടങ്ങിയവയ്ക്ക് കേരളം പ്രധാനമായി ആശ്രയിക്കുന്നത് തമിഴ്നാടിനെയാണ് എന്നതുകൊണ്ടുതന്നെ ഇത് കേരളത്തെയും ബാധിച്ചേക്കാവുന്ന സാഹചര്യമാണുള്ളത്.തമിഴ്നാട്ടിലും കേരളം, കര്‍ണാടകം, ആന്ധ്രാപ്രദേശ് എന്നീ അയല്‍സംസ്ഥാനങ്ങളിലും വിപണിയില്ലാത്തത് പച്ചക്കറികളുടെയും പഴങ്ങളുടെയും വില്പനയെ ബാധിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള ചരക്കുനീക്കത്തില്‍ തടസ്സം നേരിടുന്നതും പ്രശ്നം സൃഷ്ടിക്കുന്നതായി കര്‍ഷകരും വ്യാപാരികളും പറയുന്നു. തൊഴിലാളികളെ ലഭ്യമല്ലാതായതോടെ വേനല്‍ക്കാല നെല്‍കൃഷി താറുമാറായിരിക്കുകയാണ്. പഴം, പച്ചക്കറി, മത്സ്യം തുടങ്ങിയവയുടെ സ്ഥിതിയും ഇതുതന്നെ. 15 ലക്ഷം ഏക്കറോളം തമിഴ്നാട്ടില്‍ നെല്‍കൃഷിയുണ്ട്. ജോലിക്കാരെ ലഭിക്കാത്തതു മൂലം കാര്‍ഷിക ജോലികള്‍ മുടങ്ങിയതിനാല്‍ തുടര്‍ ജോലികള്‍ നടക്കാത്ത സാഹചര്യമാണ്. വന്‍ നഷ്ടമാണ് ഇതുമൂലം ഉണ്ടാകാന്‍ പോകുന്നത്. അതുപോലെ, തമിഴ്നാട്ടില്‍ എട്ട് ലക്ഷം ഏക്കര്‍ സ്ഥലത്ത് നിലക്കടല കൃഷിചെയ്യുന്നുണ്ട്. ഇതും വിളവെടുക്കാനാവാതെ നശിക്കുകയാണ്. കേരളത്തിലേയ്ക്കെത്തുന്ന തണ്ണിമത്തന്റെ വലിയൊരു ഭാഗം തമിഴ്നാട്ടില്‍നിന്നാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തണ്ണിമത്തന് വിളവെടുക്കാനും വിപണിയില്‍ എത്തിക്കാനുമാവുന്നില്ല. നേന്ത്രവാഴ കൃഷിയും സമാനമായവിധത്തില്‍ പ്രതിസന്ധി നേരിടുന്നുണ്ട്.
പഴവര്‍ഗങ്ങള്‍, പൂവ് തുടങ്ങിയ കൃഷികള്‍ക്കാണ് ഇപ്പോഴത്തെ സാഹചര്യം ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുക. വിളവെടുത്താല്‍ അധിക ദിവസം ഇവ കേടുകൂടാതെ സൂക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ കിട്ടേണ്ടതിന്റെ പാതി വിലപോലും നിലവിലെ അവസ്ഥയില്‍ ഇവയ്ക്ക് ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. ഉല്പന്നങ്ങള് കോള്‍ഡ് സ്റ്റോറേജുകളില്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.