അനധികൃത സിം വില്പന; ഇന്ത്യക്കാരനടക്കം ഒന്‍പതു പേര്‍ പിടിയില്‍

 അൽഹസ: നിയമ വിരുദ്ധമായി മൊബൈൽ ഫോൺ സിം കാർഡ് വിൽപന നടത്തിയ ഇന്ത്യക്കാരനെ അൽഹസയിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് അസിസ്റ്റന്റ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽദിറൈഹിം അറിയിച്ചു. താമസസ്ഥലം കേന്ദ്രീകരിച്ചാണ് ഇന്ത്യക്കാരൻ സിം കാർഡുകൾ വിൽപന നടത്തിയിരുന്നത്. ഇതേ നിയമലംഘനത്തിന് എട്ടു ബംഗ്ലാദേശുകാരെയും അൽഹസയിൽനിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. വിവിധ ടെലികോം കമ്പനികളുടെ പേരിലുള്ള 37,557 സിം കാർഡുകളും 155 മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും നിയമ ലംഘകരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. നിയമ നടപടികൾക്ക് ഇന്ത്യക്കാരനും ബംഗ്ലാദേശുകാർക്കും എതിരായ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ക്യാപ്റ്റൻ മുഹമ്മദ് അൽദിറൈഹിം അറിയിച്ചു.