ഗുജറാത്തിലെ വിസവദര്‍ മണ്ഡത്തിലും പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്നത് അഞ്ചിടങ്ങളിലെ ഫലങ്ങള്‍ പുറത്ത്. നിലമ്പൂര്‍, ഗുജറാത്തിലെ കഡി, വിസാവദര്‍, പഞ്ചാബില്‍ ലുധിയാന വെസ്റ്റ്, പശ്ചിമബംഗാളിലെ കാലിഗഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗുജറാത്തിലെ വിസവദര്‍ മണ്ഡത്തിലും പഞ്ചാബിലെ ലുധിയാന വെസ്റ്റിലും ആം ആദ്മി പാര്‍ട്ടി വിജയിച്ചു. പശ്ചിമബം?ഗാളിലെ കാലിഗഞ്ച് മണ്ഡലത്തില്‍ ത്രിണമൂല്‍ കോണ്‍ഗ്രസും ഗുജറാത്തിലെ കാഡിയില്‍ ബിജെപിയും വിജയിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആണ് വിജയിച്ചത്.
വിസവദറില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്ന നടന്നത്. ബിജെപിയുടെ കിരിത് പട്ടേലിനെ പരാജയപ്പെടുത്തി ആം ആദ്മി പാര്‍ട്ടിയുടെ ഗോപാല്‍ ഇറ്റാലിയ ആണ് വിജയിച്ചത്. ആം ആദ്മി പാര്‍ട്ടിയിലെ ഭയാനി ഭൂപേന്ദ്രഭായ് ഗണ്ടുഭായ് രാജിവച്ചതിനെ തുടര്‍ന്നാണ് ഈ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഡി നിയമസഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജേന്ദ്ര ചാവ്ഡ വിജയിച്ചു. കോണ്‍ഗ്രസിന്റെ രമേശ് ചാവ്ഡ ആണ് രണ്ടാം സ്ഥാനത്തെത്തിയത്.
ബിജെപിയിലെ കര്‍സന്‍ഭായ് സോളങ്കിയുടെ മരണത്തെത്തുടര്‍ന്നാണ് ഈ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബിലെ ലുധിയാന വെസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജീവ് അറോറ വിജയിച്ചു. ഐഎന്‍സിയുടെ ഭരത് ഭൂഷണ്‍ ആഷുവിനെയും ബിജെപിയുടെ ജീവന്‍ ഗുപ്തയെയും പരാജയപ്പെടുത്തിയാണ് രാജ്യസഭാ എംപിയും വ്യവസായിയുമായ സഞ്ജീവ് അറോറ വിജയിച്ചത്.
പശ്ചിമബംഗാളിലെ കാലിഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അലിഫ അഹമ്മദ് വിജയിച്ചു. ടിഎംസി എംഎല്‍എയായിരുന്ന നസിറുദ്ദീന്‍ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. 11007 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് ജയിച്ചത്. മൂന്ന് റൗണ്ടില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ്‌ചെയ്യാന്‍ കഴിഞ്ഞത്