ജിദ്ദ: ഐടി, കമ്യൂണിക്കേഷൻ മേഖലകളിലെ സ്ത്രീ പ്രാതിനിധ്യത്തിൽ സിലിക്കൺവാലിയെ കടത്തിവെട്ടി സൗദി അറേബ്യ. 2017ൽ 17 ശതമാനം വനിതാപ്രതിനിധ്യമുണ്ടായിരുന്ന സൗദിയിൽ ഏറ്റവും പുതിയ കണക്കനുരിച്ച് ഇത് 24 ശതമാനമാണ്. ഐടി മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരമാണിത്.
അതേസമയം, സിലിക്കൺവാലിയിൽ 17 ശതമാനം മാത്രമാണ് ഇപ്പോഴത്തെ വനിതാപ്രാതിനിധ്യമെന്ന് സൗദി ഐടി, കമ്യൂണിക്കേഷൻസ് മന്ത്രാലയം ഡയറക്റ്റർ ബന്ദർ അൽ ദുവെയ്സ് പറഞ്ഞു. ഡിജിറ്റൽ മേഖലയിൽ വനിത സംരംഭകരുടെ എണ്ണത്തിൽ വലിയ വർധനയാണ് രാജ്യത്തുണ്ടായിരിക്കുന്നത്. 40 ശതമാനത്തോളം വനിതകളാണ് ഈ രംഗത്തു പ്രവർത്തിക്കുന്നത്.
രാജ്യത്തെ ഭരണകൂടത്തിന് വികസന മേഖലയിൽ മുഖ്യമായും ത്രിതല വീക്ഷണമാണുള്ളതെന്ന് ജി20 വനിതാ ശാക്തീകരണ വിഭാഗം മേധാവി ഡോ. ഹലാ അൽ തുവൈജ്രി പറഞ്ഞു. മാനവ ശാക്തീകരണം, ഭൗമ സുസ്ഥിരത, പുതിയ ലക്ഷ്യങ്ങൾ ക്രമപ്പെടുത്തുക തുടങ്ങിയവയാണ് ഈ പ്രധാന മൂന്നുതലങ്ങൾ. ഇതിന്റെയെല്ലാം അടിസ്ഥാനമെന്നത് വനിതാ ശാക്തീകരണമാണെന്നും ഹലാ.
സൈബർ സുരക്ഷാ രംഗത്ത് സൗദിയുടെ നിക്ഷേപം അറബ് മേഖലയിൽ ഒന്നാമത്തേതും ആഗോളതലത്തിൽ 13ാം സ്ഥാനത്തുമാണെന്ന് അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയന്റെ കണക്കുകൾ സൂചിപ്പിക്കുന്നതായും ഹലാ. ദേശീയ സൈബർ സുരക്ഷാ അഥോറിറ്റിയുടെ പരിശീലന പദ്ധതികളിൽ പുരുഷന്മാരെക്കാൾ സ്ത്രീകളാണുള്ളതെന്ന് അഥോറിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന സ്ട്രാറ്റജിക് സ്റ്റഡീസ് കേന്ദ്രം ജനറൽ മാനെജർ ബാസ്മ അൽ ജിദായി പറഞ്ഞു. സ്കോളർഷിപ്പ് പദ്ധതിയിൽ 67 ശതമാനം സ്ത്രീ സാന്നിധ്യമുള്ളതായും അവർ. സൈബർ പ്രോ പദ്ധതിയിലും സ്ത്രീകൾക്കാണ് കൂടുതൽ പ്രാതിനിധ്യം.