ജിദ്ദ: കോവിഡ് പ്രതിരോധ വാക്സിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ സൗദി ആരോഗ്യ മന്ത്രാലയം പ്രത്യേക പ്രചാരണ പരിപാടി ആരംഭിച്ചു. ‘ഒരു ചുവടുവെക്കുക’ തലക്കെട്ടിലാണ് വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ക്യാംപെയിൻ ആരംഭിച്ചത്. കോവിഡ് വ്യാപനം തടഞ്ഞു പൊതുജനാരോഗ്യ സുരക്ഷയാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. മുൻകരുതൽ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്ന വിവിധങ്ങളായ ബോധവത്കരണ പരിപാടികൾ ക്യാംപെയ്നിൽ ഉൾപ്പെടുന്നുണ്ട്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആരോഗ്യമന്ത്രാലയം ഒരുക്കിയ വാക്സിനേഷൻ കേന്ദ്രങ്ങളിലൂടെ വാക്സിൻ എടുക്കുന്നതിന് ‘സ്വിഹത്തി’ ആപ് വഴി രജിസ്റ്റർ ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കും. കോവിഡ് ബാധയിൽനിന്ന് വ്യക്തിയെയും പ്രിയപ്പെട്ടവരെയും സംരക്ഷിക്കുന്നതിനുള്ള വാക്സിെൻറ പങ്ക് ബോധ്യപ്പെടുത്താനും കാമ്പയിനിൽ ശ്രദ്ധകേന്ദ്രീകരിക്കും. മുൻപ് നടത്തിയ കോവിഡ് പ്രതിരോധ ക്യാംപെയ്ന്റെ തുടർച്ചയായാണ് പുതിയ ക്യാംപെയ്ൻ. കോവിഡ് റിപ്പോർട്ട് ചെയ്ത സമയത്താണ് ‘കോവിഡിൽനിന്ന് പ്രതിരോധം’ തലക്കെട്ടിൽ ആരോഗ്യമന്ത്രാലയം ക്യാംപെയ്ൻ സംഘടിപ്പിച്ചിരുന്നത്.