ദുബായ്: ഗുരുതരമല്ലാത്ത ക്രിമിനൽ കേസ് ഉൾപ്പെടെ നിലവിലുള്ള യുഎഇ നിവാസികളെ സമൂഹവുമായി സംയോജിപ്പിക്കുകയന്ന ഉദ്ദേശ്യത്തോടെ ദുബായ് പൊലീസ് നൽകിവരുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇനി വെറും അഞ്ചു മിനിറ്റിനുള്ളിൽ ലഭിക്കും. ഉപഭോക്തൃ സംതൃപ്തി സൽവേയിൽ ഒന്നാംസ്ഥാനത്തുള്ള ദുബായ് പൊലീസിന്റെ സ്മാർട്ട് സേവനങ്ങളിലൊന്നാണിത്.
പൂർണമായു നിർമിതബുദ്ധി ഉപയോഗിച്ചുള്ള ഈ സേവനം ഒന്നിലധികം ഭാഷയിൽ ലഭ്യമാണ്. രണ്ടു മണിക്കൂർ സമയമെടുത്ത് ചെയ്തിരുന്ന പ്രവർത്തിയാണ് അഞ്ചുമിനിറ്റിലേക്കു ചുരുക്കിയത്. ഇതിന്റെ ഭാഗമായി പ്രവർത്തനച്ചെലവ് 65 ശതമാനം കുറയ്ക്കാനാകും. വ്യക്തിഗത അഭ്യർഥനകൾ നൂറുശതമാനം വിജയമാണെന്നും പരാതിക്കിട നൽകാതെ സേവനം നൽകാനാകുന്നുണ്ടെന്നും പൊലീസ്.
ചെറിയ കേസുകളിൽപ്പെട്ട് ഉഴലുന്നവർക്ക് ജോലി കണ്ടുപിടിക്കാനും മറ്റും വളരെ സഹായകമാണ് പുതിയ സംവിധാനം. നിസാര സാമ്പത്തിക പ്രശ്നങ്ങളുടെ ചരിത്രമുള്ളവർക്കും മറ്റും ജോലിയിൽ പ്രവേശിക്കുന്നതിനുള്ള തടസം എളുപ്പത്തിൽ പരിഹരിക്കാൻ സംവിധാനം സഹായകരമാകുമെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡന്റ് ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.