ബാഗ്ദാദ്: കോവിഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇറാക്കിൽ പുതിയ ലോക്ഡൗൺ നിർദേശങ്ങൾ. ഒരാഴ്ചയ്ക്കിടെയാണ് രാജ്യത്ത് കോവിഡ് കേസുകൾ ഇരട്ടിയായത്. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ലോക്ഡൗൺ നിയമപ്രകാരം രാത്രി എട്ടിനും രാവിലെ അഞ്ചിനുമിടയിൽ കർഫ്യൂ ആയിരിക്കും. കൂടാതെ വെളളി, ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ.
വീണ്ടും ലോക്ഡൗൺ പ്രാബല്യത്തിൽ വന്ന വെള്ളിയാഴ്ച തലസ്ഥാന നഗരമായ ബാഗ്ദാദിൽ റോഡുകൾ ഒഴിഞ്ഞുകിടന്നു. കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും അടച്ചു. റോഡുകളിൽ സുരക്ഷാ സേന പുതിയ ചെക്ക് പോയിന്‍റുകൾ ഏർപ്പെടുത്തി. അതേസമയം, ഫാർമസികൾ തുറുന്ന പ്രവർത്തിച്ചു. റസ്റ്ററന്‍റുകളിൽനിന്ന് ഭക്ഷണം ഡെലിവറി സർവീസുകൾ വഴി നൽകി.
വ്യാഴാഴ്ച വൈകിട്ട് ഫാർമസികളിലും സൂപ്പർമാർക്കറ്റിലും മാസ്ക് വാങ്ങാനെത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. മാസ്ക് ധരിക്കാത്തവർക്ക് കനത്ത പിഴ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് കടകൾക്കു മുന്നിൽ തിരക്കേറിയത്. 25000 ഇറാക്കി ദിനാർ (17 യുഎസ്ഡി) ആണ് മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ തുക. ഇതിനിടെ, മാസ്കിന്‍റെ വിലയും കുത്തനെ കൂട്ടിയിട്ടുണ്ട്. 50 മാസ്ക് അടങ്ങിയ പെട്ടിക്ക് 2,500 ദിനാർ വിലയുണ്ടായിരുന്നത് ഇപ്പോൾ 6000 ദിനാർആയിരിക്കുകയാണ്.
പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ കോവിഡ്- 19 ന്‍റെ ദുരിതം ഏറ്റവും അധികമുണ്ടായ രാജ്യമാണ് ഇറാക്ക്. ഇവിടെ 660000 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 13,200. കഴിഞ്ഞ 13ന് 2190 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തതെങ്കിൽ വെള്ളിയാഴ്ച ഇത് 4,024 പേർക്കായിരുന്നു. ആകെ നാലു കോടി ജനസംഖ്യയുള്ള ഇറാക്കിൽ കോവിഡ് മരണനിരക്ക് 12 ശതമാനത്തിൽ താഴെയാണ്.