റിയാദ്: സൗദിയിൽ കോടതിയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ എണ്ണം 1814 ആയി ഉയർന്നു. ലൈസൻസ് ഉള്ള വനിതാ അഭിഭാഷകരുടെ എണ്ണത്തിൽ 2019 നെ അപേക്ഷിച്ച് 66 ശതമാനത്തിന്റെ വർധനയാണ് 2020ൽ ഉണ്ടായതെന്ന് നിയമമന്ത്രാലയത്തിലെ വനിതാ വിഭാഗം മേധാവി നൂറ അൽ ഗുറൈം പറഞ്ഞു. 618 ൽ നിന്ന് അംഗീകൃത വനിതാ അഭിഭാഷകർ 1029 പേരായി ഉയർന്നു.
ഇതുകൂടാതെ, നിയമ- സാമൂഹിക ഗവേഷകർ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റുമാർ, പ്രോഗ്രാം ഡെവലപ്പർമാർ, നോട്ടറി തുടങ്ങി വിവിധ ജുഡീഷ്യൽ വിഭാഗങ്ങളിലായി വനിതാ ജീവനക്കാർപ്രവർത്തിക്കുന്നു. കഴിഞ്ഞവർഷം മാത്രം 30500 വനിതകൾക്ക് ഇവരുടെ സേവനം ലഭ്യമായതായാണ് കണക്ക്.
നിയമമന്ത്രാലയത്തിനു കീഴിൽ വനിതാ വിഭാഗം രൂപീകരിച്ചതിനു ശേഷമാണ് സ്ത്രീ പ്രാതിനിധ്യം ഇത്രമേൽ വർധിച്ചത്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് തുടങ്ങിവച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് പുതിയ വകുപ്പും രൂപീകരിച്ചത്.
അഭിഭാഷകർക്ക് പ്രാക്റ്റീസിനുളള ലൈസൻസ് ലഭിക്കുന്നതിന് പരിശീലനം നൽകുകയെന്ന ഉദ്ദേശ്യത്തോടെ നീതിന്യായ പരിശീലന കേന്ദ്രം അടുത്തിടെ പുതിയ കോഴസ് തുടങ്ങിയിരുന്നു. ഇതിൽ പങ്കെടുത്ത 4070 പേരിൽ 1680 പേരും വനിതകളായിരുന്നു.
സർക്കാരിന്റെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി തൊഴിലിടങ്ങളിൽ വനിതാപ്രതിനിധ്യം വർധിപ്പിക്കാൻ അവസരങ്ങളും കൂട്ടിയിട്ടുണ്ട്.