സൗദി- ഖത്തർ കരമാർഗം ചരക്കുനീക്കം തുടങ്ങി

റിയാദ്: മൂന്നരവർഷം നീണ്ട ഉപരോധങ്ങൾ പിൻവലിച്ച് സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള ബന്ധം പുന:സ്ഥാപിച്ചിനു പിന്നാലെ ഇരു രാജ്യങ്ങൾക്കുമിടയിൽ കര മാർഗമുള്ള ചരക്കു ഗതാഗതത്തിനു തുടക്കമായി. സൗദിയിലെ സൽവ അതിർത്തി വഴി ചരക്കു വാഹനങ്ങൾ ഖത്തറിൽ പ്രവേശിച്ചു. തുടർന്ന് ഖത്തർ ഭാഗത്തെ അതിർത്തിയായ അബൂസംറയിലെത്തിക്കുന്ന ചരക്ക് ഖത്തറിലെ വാഹനങ്ങൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിലേക്കു കൊണ്ടുപോകും.

ജനുവരി 9 മുതൽ സൽവ അതിർത്തിയിൽ സൗദി കസ്റ്റംസ് പ്രവർത്തിച്ചു വരുകയാണ്. ഇവിടെയെത്തുന്ന ചരക്കുകളുടെ സാംപ്ൾ പരിശോധിച്ചു കുഴപ്പമില്ലെന്നു കണ്ടെത്തിയാലെ കടത്തിവിടൂ. ഇരുരാജ്യങ്ങൾക്കുമെന്നപോലെ വ്യവസായ സമൂഹത്തിനും വളരെ ആശ്വസം പകരുന്നതാണ് പുതിയ നടപടി. കോവിഡ് പശ്ചാത്തലത്തിൽ പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചരക്കു ഗതാഗതം തുടങ്ങിയത്. ലോറി ഡ്രൈവർമാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

ചരക്കു നീക്കം നടത്തുന്നവർ വാഹനങ്ങൾ എത്തുന്നതിനുള്ള ക്രമീകരണം ചെക്ക് പോയിന്‍റുകളിൽ മുൻകൂട്ടി തയാറാക്കിയിട്ടുണ്ട്. ചരക്ക് അബൂസംറയിൽ ഇറക്കിയാൽ സൗദിയിലേക്കുള്ള ലോറികൾ തിരികെ പോകണം. ഖത്തറിൽനിന്നു സൗദിയിലേക്കുള്ള ചരക്കു വാഹനങ്ങളും ഇതേ രീതിയാണ് അനുവർത്തിക്കുക. തിരക്ക് ഒഴിവാക്കുന്നതിന് ലോറികളുടെ വിവരങ്ങൾ മുൻകൂട്ടി ചെക്ക് പോയിന്‍റുകളിൽ അറിയിക്കേണ്ടതാണ്. കസ്റ്റംസ് നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും ചരക്കു നീക്കം.