കോവിഡ് നെഗറ്റിവ് എന്ന വ്യാജ പിസി‌‌ആർ സർട്ടിഫിക്കറ്റ് നൽകിയ മലയാളി ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കോവിഡ് നെഗറ്റിവ് എന്ന വ്യാജ പിസി‌‌ആർ സർട്ടിഫിക്കറ്റ് നൽകിയ മലയാളി ലാബ് ടെക്നീഷ്യൻ അറസ്റ്റിൽ. ഫർവാനിയയിലെ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ 60 പേർക്ക് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ മിക്കവരും ഇപ്പോൾ രാജ്യത്തിന് പുറത്താണ്. തിരിച്ചെത്തുന്നവരെ പിടികൂടി നാടുകടത്തും.

പരിശോധനക്കെത്താതെയും സ്രവം നൽകാതെയും ഇയാൾ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ആവശ്യക്കാർ സിവിൽ ഐഡി നമ്പർ മാത്രം നൽകിയാൽ മതിയായിരുന്നു. സ്വന്തം സ്രവം ശേഖരിച്ച് പരിശോധന വിധേയമാക്കി ആവശ്യക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു രീതി. ഇതിനായി ഒരാളിൽ നിന്ന് 30 ദിനാർ ആണ് ഈടാക്കിയിരുന്നത്. അതിൽ ഒരു വിഹിതം ഇയാൾക്ക് സ്വന്തമായിരുന്നു. വ്യാജ പിസി‌ആർ സർട്ടിഫിക്കറ്റ് സംബന്ധിച്ച സംശയത്തെ തുടർന്ന് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ടെക്നീഷ്യനെ അറസ്റ്റ് ചെയ്തത്.