റിയാദ്: സൗദിയിലേക്ക് വരാനായി ദുബായില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ആയിരക്കണക്കിന് മലയാളികള്‍ കുടുങ്ങി. നിര്‍ബന്ധിത ക്വാറന്റൈന്‍ ഇന്നു കഴിയുന്നവരടക്കം ഇനി എന്നു സൗദിയിലേക്ക് വരാന്‍ കഴിയുമെന്ന അങ്കലാപ്പിലാണ്. അതേസമയം ഒമാനിലോ ബഹ്‌റൈനിലോ വിസിറ്റിങ്ങ് വിസ എടുത്തു സൗദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ അവിടെയും 14 ദിവസം കഴിയണം.
എന്നാല്‍ രണ്ടാഴ്ച കൊണ്ട് വിലക്ക് മാറുമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ദുബായിയില്‍ കഴിയുന്നവരില്‍ അധികവും. അതേസമയം ദുബായില്‍ കുടുങ്ങിയ സൗദി സ്വദേശികളും നിരവധിയാണ്. ഇതില്‍ കൂടുതല്‍ പേരും ഇന്നത്തെ വിമാനത്തില്‍ സൗദിയിലെത്തി.
അതേസമയം സൗദി സര്‍ക്കാര്‍ യു.എ.ഇ വിലക്ക് ഉടന്‍ തന്നെ പിന്‍വലിക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
എന്നാല്‍ സൗദിയില്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു. യു.എ.ഇയില്‍ ദിവസവും കോവിഡ് മരണവും കോവിഡ് ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തിലാണ് യു.എ.ഇയെ സൗദി യാത്രാവിലക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം സൗദിയില്‍ നിന്ന് മിക്ക രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. ഇന്ത്യയിലേക്ക് ഇന്നും വിമാനങ്ങള്‍ പോയി.
ലോക്ക് ഡൗണിന് ശേഷം ഇത് രണ്ടാംതവണയാണ് സൗദി യു.എ.ഇക്ക് യാത്രാവിലക്ക്ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ തവണ 15 ദിവസത്തോളം മലയാളികളടക്കമുള്ളവര്‍ക്ക് യു.എ.ഇയില്‍ അധികം കഴിയേണ്ടിവന്നു.
ഇന്ന് വന്നിറങ്ങിയത് ആയിരങ്ങള്‍
ദുബായില്‍ കുടുങ്ങിയ നിരവധി പേര്‍ ഇന്നു വിമാനങ്ങളില്‍ സൗദിയിലെത്തി. അതേസമയം ഇന്നു രാത്രി ഒന്‍പതു മുതല്‍ വിമാനങ്ങള്‍ക്ക് വിലക്കുണ്ട്. യാത്രാവിലക്ക് അറിഞ്ഞത് മുതല്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിരുന്നു. 3500 റിയാല്‍ മുടക്കിയാണ് പലരും ഇന്നത്തെ വിമാനങ്ങളില്‍ ടിക്കറ്റ് സംഘടിപ്പിച്ചത്.
കര്‍ഫ്യു സാധ്യത
കര്‍ഫ്യു സാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധന്‍ ഡോ. അഹമ്മദ് അല്‍ഗാംദി അഭിപ്രായപ്പെട്ടിരുന്നു. അല്‍ ഇഖ്‌സാരിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം അറിയിച്ചത്.