ദമ്മാം: ഭിന്നശേഷിക്കാരുടെ വാഹനങ്ങളിലെ നമ്പർപ്ലേറ്റുകളിൽ പ്രത്യേക ലോഗോ പതിക്കാനുള്ള അനുമതി നൽകി സൗദി. ഭിന്ന ശേഷിക്കാരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മതിയായ രേഖകൾ നൽകി 800 റിയാൽ അടച്ചാൽ പ്രത്യേക ലോഗോയുള്ള നമ്പർപ്ലേറ്റ് ലഭിക്കും. കിഴക്കൻ പ്രവിശ്യ കേന്ദ്രീകരിച്ച് ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയുടെ അപേക്ഷയിന്മേലാണ് ഉത്തരവ്.
ദമ്മാം നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ കാഴ്ചയില്ലാത്തവർക്കു വേണ്ടി അടുത്തിടെ മറ്റൊരു പദ്ധതി നടപ്പാക്കിയിരുന്നു. കാഴ്ച പരിമിതിയുള്ളവർക്ക് വഴികാട്ടിയാവുംവിധം പ്രത്യേക ലൈനുകൾ കോൺക്രീറ്റിൽ അടയാളപ്പെടുത്തിയ നടപ്പാതകളാണ് പ്രത്യേകത. ഇതോടെ, പരസഹായമില്ലാതെ ഭിന്നശേഷിക്കാർക്ക് ദമ്മാം, സീക്കോ ബിൽഡിങ് പരിസരം മുതൽ ലേഡീസ് മാർക്കറ്റിലെ മുഴുവൻ ഇടങ്ങളും പള്ളിയും വരെ നടന്നെത്താം. സ്പർശനത്തിലൂടെ മനസ്സിലാക്കാവുന്ന ഈ നടപ്പാതകളിൽ പതിച്ചിരിക്കുന്ന ചിഹ്നങ്ങൾ ഉപയോഗിച്ച് അന്ധന്മാർക്കും കാഴ്ചശക്തി കുറവുള്ളവർക്കും സഞ്ചാരം സുഗമമാവും. നടക്കുന്നതിനിടെ പാർക്കിങ്ങിലേക്കും പള്ളിയിലേക്കും കടയിലേക്കുമൊക്കെ പ്രത്യേകം ദിശ നിർണയിക്കാവുന്ന കോഡ് ഭാഷയിലുള്ള ചിഹ്നങ്ങളാണ് പാതയിൽ പതിച്ചിട്ടുള്ളത്.
വാഹനത്തിലെ നമ്പർപ്ലേറ്റിന്റെ മാതൃക ഭിന്നശേഷിസൗഹൃദ രാജ്യങ്ങളിൽ നിലവിലുള്ള മാനദന്ധം പാലിച്ചുകൊണ്ടാണ്. ശാരീരികമോ മാനസികമോ ബുദ്ധിപരമോ സംവേദനപരമോ ആയ ബലഹീനതകൾ ഉള്ളവരെല്ലാം ഭിന്നശേഷിക്കാരുടെ ഗണത്തിൽ പെടും. സൗദി ജനസംഖ്യയുടെ 10 ശതമാനത്തോളം പേർ ഭിന്നശേഷിക്കാരാണെന്നാണ് 2019ലെ കണക്ക്. അതിൽ 3.2 ശതമാനം പേർ വാഹനാപകടങ്ങളെ തുടർന്നാണ് ഈ ഗണത്തിലെത്തിയത്. വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിട നിർമാണം, ആരോഗ്യസുരക്ഷ തുടങ്ങി എല്ലാ മേഖലകളിലും ഭിന്നശേഷിക്കാർക്ക് സവിശേഷ പരിഗണന രാജ്യം നൽകുന്നുണ്ട്.