ജിദ്ദ: സൗദി അറേബ്യയിലെ യൂനിവേഴ്സിറ്റികളിൽ പഠിക്കുന്ന 58 ശതമാനം വിദ്യാർഥികളും പെൺകുട്ടികൾ. ഇതിൽ ഭൂരിപക്ഷവും ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ ഉന്നതവിദ്യാഭ്യാസത്തിനെത്തിയവർ. തൊഴിലും തുടർ വിദ്യാഭ്യാസവും നടത്താൻ ഇവരിൽ നല്ലൊരു വിഭാഗവും പിന്നീട് വിദേശരാജ്യങ്ങളിലേക്കും പേകുന്നു. ലോകത്താകമാനം ശാസ്ത്ര വിഷയങ്ങളിലുള്ള വനിതാ സാന്നിധ്യം 30 ശതമാനമായിരിക്കെയാണ് സൗദിയിലെ വനിതകൾ ചരിത്രം കുറിക്കുന്നത്.
സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ബയോളജി, ഇൻഫൊർമേഷൻ ടെക്നോളജി, ഗണിത ശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ പുരുഷന്മാരെക്കാൾ മുന്നിലാണ് സൗദി വനിതകൾ. വനിതാ ശാസ്ത്രജ്ഞരെ ഉൾപ്പെടുത്തുന്നതിന് യൂണിവേഴ്സിറ്റികളും റിസർച്ച് സെന്ററുകളും പ്രത്യേക മാനദണ്ഡങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ആരബ് ന്യൂസ് ആണ് വാർത്ത പുറത്തുവിട്ടത്.
സ്വപ്നങ്ങൾക്കനുസരിച്ച് ഉയരുകയും ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ വെല്ലുവിളികളെ അതിജീവിച്ചു മുന്നേറുകയും ചെയ്ത വനിതകളിൽ ചിലർ ഇവരാണ്:
സുഹ ഖയൂം, റിസർച്ച് എൻജിനീയർ- പത്തുവർഷമായി ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ഇവർ ഇപ്പോൾ സൗദി അരാംകോയുടെ എക്സ്പെക്ക് അഡ്വാൻസ്ഡ് റിസർച്ച് സെന്ററിൽ റിസർച്ച് എൻജിനീയറായി പ്രവർത്തിക്കുന്നു. അരാംകോയുടെ റിസർവോയർ സിമുലേറ്ററിനെ ശക്തിപ്പെടുത്താനുള്ള സോഫ്റ്റ്വെയർ അൽഗോരിതങ്ങൾ തയാറാക്കുന്നത് സുഹയാണ്. കമ്പനിയുടെ ചെലവുചുരുക്കൽ പ്രവർത്തനങ്ങൾക്ക് ഇവർ കരുത്തുപകരുന്നു.2016ൽ 100 കോടി ചെലവിലുള്ള സെൽ ബേസിൻ സിമുലേഷൻ പ്രവർത്തിക്കാനുള്ള സോഫ്റ്റ്വെയർ തയാറാക്കുകയും ഇതിനുള്ള പേറ്റന്റ് സ്വന്തമാക്കുകയുമുണ്ടായി.
ഡോ. എലാഫ് അഹമ്മദ്, ലാബ് സയന്റിസ്റ്റ്: കുഞ്ഞൻ ജീവികളെക്കുറിച്ച് പഠിക്കാൻ ആഗ്രഹിച്ച എലാഫ് കിങ് അബ്ദുള്ള യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്റ്ററേറ്റ് നേടിയശേഷം ഈ മേഖലയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. വൈദ്യുത-രാസ ബയോഫിലുമുകൾ ഉപയോഗിച്ച് പാരിസ്ഥിതിക നാനോ പദാർഥങ്ങളെ സംയോജിപ്പിക്കുന്ന സങ്കീർണമായ പദ്ധതിയിലായിരുന്നു ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ, ഇപ്പോൾ അരാംകോ റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് സെന്ററിൽ ഓയിൽ ആൻഡ് ഗ്യാസ് ട്രീറ്റ്മെന്റ് ഡിവിഷനിൽ പ്രവർത്തിക്കുന്നു.വാട്ടർ ട്രീറ്റ്മെന്റ് ടെക്നോളജിയിലാണ് ഇപ്പോൾ ഗവേഷണം നടത്തുന്നത്.
ഡോ. ഇലാം അബ്ദുൾജദായേൽ, ഇമ്യൂണോളജിസ്റ്റ്: രക്തജന്യ രോഗ ചികിത്സയ്ക്കുള്ള റിട്രോ ഡിഫറന്റിയേഷനുമായി ബന്ധപ്പെട്ട കണ്ടുപിടിത്തമാണ് ഡോ. ഇലാമിനെ ശ്രദ്ധേയയാക്കിയത്. പ്രശ്നക്കാരായ പദാർഥങ്ങൾ (ഏജന്റുകൾ) ക്ക് എതിരേ പൊരുതാൻ കോശങ്ങളെ പര്യാപ്തമാക്കുന്ന ഗവേഷണത്തിന്റെ ആദ്യഘട്ടം ഇവർ പൂർത്തിയാക്കിയത് 2000ൽ. യുഎസിലെ ജോർജ് വാഷിങ്ടൺ യൂനിവേഴ്സിറ്റിയുമായി ചേർന്നു പ്രവർത്തിച്ചായിരുന്നു ഈ നേട്ടം. തലാസീമിയ, സിക്ക്ൾ സെൽ അനീമിയ, മൾട്ടിപ്പ്ൾ സ്ക്ലിറോസിസ് തുടങ്ങിയ രോഗങ്ങൾക്കെതിരേയുള്ള ചികിത്സയ്ക്കു സഹായകമായിരുന്നു കണ്ടുപിടിത്തം.
ഡോ. അബീർ അൽ ഒലായാൻ, പെട്രൊളിയം സയന്റിസ്റ്റ്: രണ്ടു ദശകങ്ങളായി രസതന്ത്രത്തിന്റെ അക്കാദമികവും വ്യാവസായികവുമായ മേഖലകളിൽ പ്രവർത്തിക്കുന്നു. അരാംകോ എക്സ്പെക്ക് അഡ്വാൻസ്ഡ് റിസർച്ച് സെന്ററിൽ ഗവേഷക. ഡ്രില്ലിങ് ആൻഡ് ഫ്ലൂയിഡ് ട്രാൻസ്ഫർ മേഖലയിലെ പ്രവർത്തനത്തിന് യുഎസ് പേറ്റന്റ് ഓഫിസിന്റെ പത്തു പേറ്റന്റുകൾ ഇവർക്കു സ്വന്തം.
ഡോ. മലാക്ക് അബേദ് അൽത്തഗാഫി, ഫിസിഷ്യൻ- ശാസ്ത്രജ്ഞ: കുട്ടികളിലെ ജനിതരോഗവുമായി ബന്ധപ്പെട്ടായിരുന്നു ആദ്യകാല പഠനങ്ങൾ. പിന്നീട് മോളിക്യുലാർ പാത്തോളജിയിലേക്കും തുടർന്ന് സർജിക്കൽ ഓങ്കോളജിയിലും മോളിക്യുലാർ ജനറ്റിക്സിലും ന്യൂറോ പാഥോളജിയിലും ഗവേഷണം. അമോരിക്കൻ ബോർഡ് അംഗീകാരമുള്ള ലോകത്തെ അപൂർവം മോളിക്യുലാർ ന്യൂറോ പാഥോളജിസ്റ്റാണ് ഇവർ. 2014 ൽ സൗദി ഹ്യൂമൻ ജീനോം പ്രോഗമിന്റെ ഭാഗമായി പ്രവർത്തിച്ചു.
ഡോ. ഹിന്ദ് അൽ ജൊഹാനി, ഫിസിക്കൽ കെമിസ്ട്രിയിൽ ശാസ്ത്രജ്ഞ: നാനോ കാറ്റലിസിസിൽ ഗവേഷണം. സിട്രിക് ആസിഡിൽനിന്നുള്ള സിട്രേറ്റ് അയോണുകൾ ഉപയോഗിച്ച് ഗോൾഡ് നാനോ കണികകളെ നിയന്ത്രിക്കുന്നതിനുള്ള 2017ലെ കണ്ടുപിടിത്തം ശ്രദ്ധേയയാക്കി. പാർശ്വഫലങ്ങളില്ലാതെ സ്വർണത്തിലൂടെ മരുന്നുകൾ ശരീരത്തിൽ ഉപയോഗിക്കാൻ ഈ കണ്ടുപിടിത്തം സഹായിച്ചു.
ഡോ. നൗഫ് അൽ ന്യുമെയ്ർ, മോളിക്യുലാർ ബയോ ഇൻഫൊർമാറ്റിക്സ് ശാസ്ത്രജ്ഞ: ജനിതക മാറ്റത്തിലൂടെ (ഉത്പരിവർത്തനം) ഉണ്ടാകാവുന്ന രോഗങ്ങളെ നേരത്തേ തിരിച്ചറിയുന്നതിൽ ഗവേഷണ വിജയം. മോളിക്യുലാർ ജനറ്റിക്സും കംപ്യൂട്ടിങ്ങും ഉപയോഗിച്ചായിരുന്നു നൗഫിന്റെ നേട്ടം. ഏഴു പ്രോഗ്രാമിങ് ഭാഷകൾ ഉപയോഗിച്ച് മനുഷ്യ ജീനുകളെ നിരീക്ഷിക്കുന്നതായിരുന്നു കണ്ടുപിടിത്തം.