അബുദാബി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഗവൺമെന്റ് ജീവനക്കാർക്ക് രണ്ടാഴ്ച കൂടുമ്പോൾ പിസിആർ പരിശോധന നിർബന്ധമാക്കി യുഎഇ. ജനുവരി 17 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മാനവവിഭവശേഷി വകുപ്പ് അറിയിച്ചു. ഭരണകൂട സംവിധാനങ്ങളിലൂടെ കോവിഡിനെ പൂർണമായും പ്രതിരോധിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് നിയമമെങ്കിലും പരിശോധനാ ചെലവ് ജീവനക്കാർ സ്വയം വഹിക്കേണ്ടി വരും.
അതേസമയം, കോവിഡ് വാക്സിൻ സ്വീകരിച്ചവരെ പിസിആർ പരിശോധനയിൽനിന്ന് ഒഴിവാക്കും. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വാക്സിൻ സ്വീകരിക്കാനാകത്തവരെ ഡോക്റ്ററുടെ സാക്ഷ്യപത്രം നൽകുകയാണെങ്കിലും പരിശോധനയിൽനിന്ന് ഒഴിവാക്കും.
വാക്സിൻ കുത്തിവയ്പ്പിന് മുഴുവൻ ജീവനക്കാരും തയാറാകണമെന്ന് മാനവവിഭവശേഷി ഫെഡറൽ അഥോറിറ്റി അഭ്യർഥിച്ചു. മന്ത്രാലയവുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും വാക്സിൻ സൗജന്യമായി ലഭിക്കുന്നുണ്ട്.