ജ്യോതി ലബോറട്ടറീസിനെ ജ്യോതി രാമചന്ദ്രന് ഇനി നയിക്കും. ഉജാല നിര്‍മാതാക്കളായ ജ്യോതി ലബോറട്ടറീസിന്റെ ഇപ്പോഴത്തെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും ഡയറക്ടറുമായ ജ്യോതി രാമചന്ദ്രനാണ് മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തേക്ക് ചുമതലയേല്‍ക്കുന്നത്. ജ്യോതി ലാബോറട്ടറീസിന്റെ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.പി രാമചന്ദ്രന്റെ മകള്‍ പിതാവിനൊപ്പം വളരെക്കാലമായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിക്കുന്നു. കമ്പനിയുടെ സെയ്ല്‍സ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇതിനോടകം ജ്യോതിക്ക് കഴിഞ്ഞിട്ടുണ്ട്.
മുംബൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് കോമേഴ്സില്‍ ബിരുദവും മുംബൈ വെല്ലിങ്കര്‍ മാനേജ്മെന്റ് ഇന്‍സ്റ്റിട്യൂട്ടില്‍ നിന്ന് എംബിഎയും ജ്യോതി നേടിയിട്ടുണ്ട്. ഹാര്‍വേഡ് യൂണിവേഴ്സിറ്റിയില്‍ ഓണര്‍/പ്രസിഡന്റ് മാനേജ്മെന്റ് പ്രോഗ്രാം പൂര്‍ത്തിയാക്കിയ അവര്‍ മുംബൈ എസ്.പി.ജെയിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്ന് ഫാമിലി മാനേജ്ഡ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. 1983 ല്‍ സ്ഥാപിതമായതും 2000 കോടി രൂപയിലേറെ വിറ്റുവരവുമുള്ള കമ്പനിയാണ് ജ്യോതി ലബോറട്ടറീസ് ലിമിറ്റഡ്.
ജ്യോതിയുടെ ഇളയ സഹോദരിയും കമ്പനി ജനറല്‍ മാനേജരുമായ (ഫിനാന്‍സ്) എം ആര് ദീപ്തിയെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കാനും തീരുമാനിച്ചു. ഇതോടെ ഡയറക്ടര്‍ ബോര്‍ഡില്‍ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ആദ്യ കമ്പനികളിലൊന്നായി മാറും ജ്യോതി ലബോറട്ടറീസ്.