റിയാദ്: സഊദിയില്‍ ഫൈസര്‍ കൊവിഡ് വാക്സിന് വിതരണത്തിന് അംഗീകാരം. സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റിയാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്. ഇതോടെ രാജ്യത്ത് ഫൈസര്‍ കൊവിഡ് വാക്സിന് വിതരണം ചെയ്യും. നവംബര്‍ 24ന് ഇത് സംബന്ധിച്ച അപേക്ഷ കമ്പനി സഊദി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നല്‍കിയിരുന്നു. ഇതനുസരിച്ചാണ് അനുമതി നല്‍കിയത്. ഇതോടെ സഊദിയിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വാക്സിന് ഇറക്കുമതി ചെയ്യാന്‍ സാധിക്കും.
രാജ്യത്തെ സ്വദേശികളും വിദേശികളും അടക്കം എല്ലാവര്ക്കും കൊറോണ വാക്സിന് സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്ത് കോവിഡ് വാക്സിന് ലഭ്യമാകുന്ന രാജ്യങ്ങളില്‍ ആദ്യ രാജ്യങ്ങളില്‍ ഒന്നായിരിക്കും സഊദിയെന്ന് നേരത്തെ തന്നെ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.
പതിനാറു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമാണ് കൊറോണ വാക്സിന് നല്‍കുകയെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു