ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ കോപ്പി ബജറ്റിന് കോണ്‍ഗ്രസിന്റെ നീതി അജണ്ട പോലും ശരിയായി പകര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇത് രാജ്യത്തിന്റെ പുരോഗതിക്കുള്ള ബജറ്റല്ല. മോദി സര്‍ക്കാരിനെ രക്ഷിക്കാനുള്ള ബജറ്റാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
കര്‍ഷകരെ കുറിച്ച് ഉപരിപ്ലവമായ ചര്‍ച്ചകള്‍ മാത്രമേ നടന്നിട്ടുള്ളൂ. ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി കോണ്‍ഗ്രസ്- യുപിഎ നടപ്പാക്കിയതുപോലെ വിപ്ലവകരമായ ഒരു പദ്ധതിയും നിലവിലില്ല. സ്ത്രീകള്‍ക്കായി ഈ ബജറ്റില്‍ ഒന്നും തന്നെയില്ല. ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊള്ളയടിക്കുകയും കോര്‍പ്പറേറ്റുകളായ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്‌തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ അസ്ഥിരത പരിഹരിക്കാനും അധികാരം നിലനിര്‍ത്താനുമുള്ള ഡോക്യുമെന്റാക്കി മോദി സര്‍ക്കാര്‍ ബജറ്റിനെ മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ദേശീയ കാഴ്ചപ്പാടല്ല, സങ്കുചിത രാഷ്ട്രീയ താല്‍പര്യം മാത്രമാണുള്ളത്. ബിഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഇന്ത്യ എന്ന യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാതെ കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്പ് മാത്രം അടിസ്ഥാനമാക്കിയാണ് ബജറ്റ് തയാറാക്കിയത്. ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം തന്നെ ഇല്ലാതാക്കി. ബി.ജെ.പിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളെന്നും ബി.ജെ.പി ഇതര സംസ്ഥാനങ്ങളെന്നുമുള്ള വേര്‍തിരിവ് ബജറ്റ് പ്രസംഗത്തില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണ്.