കാവനൂര്‍ : കാവനൂരില്‍ കോണ്‍ഗ്രസ് എല്‍ഡി.എഫ് കൂട്ടുകെട്ടില്‍ മുസ്ലിംലീഗിന് ഭരണം നഷ്ടപ്പെട്ടു. കാവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിംലീഗിലെ പി.വി. ഉസ്മാനെതിരേ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം കോണ്‍ഗ്രസ് പിന്തുണയോടെ പാസായി. പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍പ്പെട്ട ചെങ്ങര മട്ടത്തിരിക്കുന്നില്‍ മാലിന്യസംസ്‌കരണകേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ഇരു പാര്‍ട്ടികളേയും പരസ്പരം അകറ്റിയത്.കോണ്‍ഗ്രസ് പ്രതിനിധാനംചെയ്യുന്ന വാര്‍ഡില്‍ മാലിന്യസംസ്‌കരണകേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ പാര്‍ട്ടി എതിര്‍പ്പുമായി സമരത്തിനിറങ്ങുകയും വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ ടി. സുനിതകുമാരി തിരഞ്ഞെടുക്കപ്പെട്ടു. പ്രശ്‌നം ഇത്രയും വഷളാകുന്നതിന് മുമ്പ് പി.കെ. ബഷീര്‍ എം.എല്‍.എ. അടക്കമുള്ള ലീഗ് നേതാക്കളും ഡി.സി.സി. പ്രസിഡന്റ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് ചര്‍ച്ചചെയ്യുകയും മാലിന്യ സംസ്‌കരണകേന്ദ്രത്തിന് പകരം സ്ഥലംകണ്ടെത്താന്‍ ധാരണയാവുകയും ചെയ്തിരുന്നു.
എന്നാല്‍ പകരം സ്ഥലംകണ്ടെത്താന്‍ കഴിയാതെ വന്നതോടെ മട്ടത്തിരിക്കുന്നില്‍ത്തന്നെ അത് സ്ഥാപിക്കുന്നതിന് ഭരണസമിതി പച്ചക്കൊടി കാട്ടി. ഇതാണ് കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചത്. ഈ സാഹചര്യം മുതലെടുക്കാന്‍ സി.പി.എം. കൊണ്ടുവന്ന അവിശ്വാസപ്രമേയെത്തെയാണ് കോണ്‍ഗ്രസ് പിന്തുണച്ചത്.നിലവില്‍ ലീഗ് ഒന്‍പത്, സി.പി.എം. ഏഴ്, കോണ്‍ഗ്രസ് മൂന്ന് എന്നിങ്ങനെ ആകെ 19 അംഗങ്ങളുള്ള പഞ്ചായത്തില്‍ 10 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കാവനൂര്‍ അങ്ങാടിയില്‍ പ്രകടനം നടത്തി.സി.പി.എം. അരീക്കോട് ഏരിയാകമ്മറ്റി അംഗം പി. പരമേശ്വരന്‍, ലോക്കല്‍ സെക്രട്ടറി പി.ടി. ശിവദാസന്‍, ബ്ലോക്ക് പഞ്ചായത്തംഗം മാളിയേക്കല്‍ അബ്ദുറഹിമാന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുനിതകുമാരി, വി. രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വംനല്‍കി.