വെഞ്ഞാറമൂട്: ‘അതെ ഞങ്ങള്‍ക്ക് ഇവിടെ അമ്പലവും മസ്ജിദും എന്നൊരു വേര്‍തിരിവില്ല, മതത്തിനപ്പുറം മനുഷ്യ സൗഹാര്‍ദമാണ് വേണ്ടത്’, പറയുന്നത് വെഞ്ഞാറമൂട് മേലെ കുറ്റിമൂട് പ്രദേശത്തെ ജനങ്ങളാണ്. ഇവിടത്തുകാര്‍ മനസുതുറന്ന് ഇങ്ങനെ പറയാന്‍ കാരണമുണ്ട്. വെഞ്ഞാറമൂട് മേലെ കുറ്റിമൂട് പാറയില്‍ മസ്ജിദിനും ചാമുണ്ഡേശ്വരി ക്ഷേത്രത്തിനും ഒരു കവാടമാണ് സ്ഥാപിച്ചിട്ടുള്ളത്. കവാടത്തിന്റെ പകുതി ഭാഗം അമ്പലത്തിനും ബാക്കി പകുതി ഭാഗം മസ്ജിദിനുമാണ്. മസ്ജിദിന്റെ കവാടമായിരുന്നു ഇത്. വര്‍ഷങ്ങളായി പുനരുദ്ധാരണം നടന്നു വരികയായിരുന്ന അമ്പലത്തിനു പുന പ്രതിഷ്ഠ സമയമായപ്പോള്‍ മസ്ജിദ് ഭാരവാഹികള്‍ തന്നെയാണ് അമ്പല കമ്മിറ്റിയെ സമീപിച്ചു വിഷയം അവതരിപ്പിച്ചത്. തുടര്‍ന്ന് മസ്ജിദിന്റെ ആര്‍ച്ച് പെയിന്റടിച്ചു എഴുതി തയാറാക്കിയത് അമ്പല കമ്മിറ്റിയും. ഇരുനൂറു മീറ്റര്‍ അകലത്തിലാണ് ഈ അമ്പലവും മസ്ജിദും ഉള്ളത്. അത് പോലെ പള്ളിയില്‍ എല്ലാ വര്‍ഷവും നടന്നു വരാറുള്ള ആണ്ടു നേര്‍ച്ചയും ഒരാഴ്ച നീണ്ടു നില്ക്കുന്ന മതപ്രഭാഷണവും അന്നദാനവും ഇത്തവണ അമ്പലത്തിലെ ഉത്സവവും സമൂഹ സദ്യയും ആരംഭിച്ചതിനാല്‍ അഞ്ചു ദിവസമാക്കി കുറയ്ക്കുകയും അന്നദാനം ഒരു ദിവസം നേരത്തെ ആക്കുകയും ചെയ്തിരുന്നു. ഇവിടെ എന്ത് പരിപാടികള്‍ ഉണ്ടെങ്കിലും നാട്ടുകാര്‍ ഒരുമിച്ചു നിന്നാണ് നടത്താറുള്ളത്.