വേദനസംഹാരിയോ ബാന്‍ഡ് എയ്‌ഡോ ഇല്ലാതെ ഗാസയിലെ ആശുപത്രികള്‍

ഗാസ സിറ്റി: ഗാസ നേരിടുന്നത് സമാനതയില്ലാത്ത ദുരിത ജീവിതം. ആശുപത്രികളില്‍ വേദന സംഹാരികളോ ബാന്‍ഡ് എയ്‌ഡോ ആവശ്യത്തിനില്ല. ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ അവസ്ഥയെ ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
അനസ്‌തേഷ്യ പോലും നല്‍കാതെയാണ് ഗാസയില്‍ ചില ഡോക്ടര്‍മാര്‍ അവയവങ്ങള്‍ നീക്കല്‍ അടക്കമുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ഗാസയില്‍ വെള്ളം, ഭക്ഷണം, ഇന്ധനം തുടങ്ങിയ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായവയുടെ വിതരണം തടസ്സപ്പെടുന്നതിലും ലോകാരോഗ്യ സംഘടന കടുത്ത ആശങ്ക അറിയിച്ചു. ചുരുങ്ങിയത് 500 ട്രക്കുകളില്ലെങ്കിലും ദിവസവും ഗാസയ്ക്ക് സഹായം ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് ക്രിസ്ത്യന്‍ ലിന്‍ഡമീയര്‍ പറഞ്ഞു.
ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ചുരുങ്ങിയത് 16 ആരോഗ്യപ്രവര്‍ത്തകരെങ്കിലും ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണിത്. അല്‍-ശാതി അഭയാര്‍ഥി ക്യാമ്പില്‍ ചൊവ്വാഴ്ചയുണ്ടായ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പടെ കൊല്ലപ്പെട്ടിരുന്നു.ഗാസ സിറ്റിയില്‍ അവശ്യമരുന്നുകള്‍ വിതരണം ചെയ്യുന്നതിനിടെ റെഡ്‌ക്രോസ് സംഘത്തിന് നേരെയും ആക്രമണമുണ്ടായി. രണ്ട് ട്രക്കുകളാണ് അക്രമിക്കപ്പെട്ടത്. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു.