യാംബു: ഉംലജ് കടൽ തീരത്ത് കുടുങ്ങിയ 40 ഡോൾഫിനുകൾക്ക് രക്ഷകരായി ദേശീയ വന്യജീവി വികസന കേന്ദ്രം. ശക്തമായ കാറ്റിനെത്തുടർന്നുണ്ടായ വേലിയേറ്റത്തിൽ ആഴംകുറഞ്ഞ കടൽ ഭാഗത്തെ കണ്ടൽ കാടുകളിലാണ് ഡോൾഫിനുകൾ കുടുങ്ങിയത്. പ്രദേശത്തുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് ദേശീയ വന്യജീവി വികസന കേന്ദ്രത്തിലെ സംയുക്ത ശാസ്ത്ര സംഘം സ്ഥലത്തെത്തുകയായിരുന്നു.
കണ്ടൽ കാടുകളിൽ കുടുങ്ങിയ ഡോൾഫിനുകളെ സംഘം പരിശോധിച്ചു. അവയിൽ ഏഴെണ്ണം ചത്തിരുന്നു. ബാക്കിയുള്ളവയെ ആവശ്യമായ പരിചരണം നൽകി സുരക്ഷിതമായി കടലിലേക്ക് തിരികെ വിട്ടു. മനുഷ്യരോട് പ്രത്യേകം ഇണങ്ങുന്ന സസ്തനിയായ ഡോൾഫിൻ ബുദ്ധി ശാലികളും സമൂഹജീവികളുമാണ്. ഇവയ്ക്ക് 25 മുതൽ 32 കി.മീ വരെ വേഗത്തിൽ ജലത്തിൽ നീന്താൻ കഴിയും.
ചെങ്കടലുകളിൽ ധാരാളം കാണപ്പെടുന്ന ഡോൾഫിനുകളിൽ ചില വിഭാഗങ്ങൾ വംശനാശ ഭീഷണി നേരിടുന്നുണ്ടെന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഡോൾഫിനുകളെ കൊല്ലുന്നത് നിയമംമൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഓരോ വർഷവും നിരവധി ഡോൾഫിനുകൾ മത്സ്യം പിടിക്കുന്ന വലകളിൽ കുടുങ്ങി ചാവാറുണ്ട്.
സമുദ്രത്തിലെ സസ്തനികളായ ഡോൾഫിനുകൾ തീരത്തേക്ക് എത്തി ജീവൻ നഷ്ടപ്പെടുന്നത് പലയിടങ്ങളിലും സംഭവിക്കുന്നുണ്ടെന്നും ഇതു പ്രതിരോധിക്കാൻ കഴിയാത്ത ഒരവസ്ഥയാണ് നിലവിലുള്ളതെന്നും നാഷനൽ വൈൽഡ് ലൈഫ് ഡെവലപ്മെന്റ് സിഇഒ ഡോ. മുഹമ്മദ് അലി ഖർബാൻ അഭിപ്രായപ്പെട്ടു.