പൊലീസ് ചമഞ്ഞു തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്നു പേര്‍ക്ക് പത്തുവര്‍ഷം വീതം തടവും 20000 ദിര്‍ഹം പിഴയും ചുമത്തി ദുബായ് ക്രിമിനല്‍ കോടതി. ഇതു കൂടാതെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ഇവരെ നാടുകടത്തും. പൊലീസ് ആണെന്ന വ്യാജേന രണ്ടു പേരെ വണ്ടിയില്‍ തട്ടിക്കൊണ്ടുപോകുകയും വസ്തുക്കള്‍ കൈക്കലാക്കിയശേഷം ഇറക്കിവിടുകയുമായിരുന്നു.
നാലുപേര്‍ അടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടു പോയതെന്നും ഇതില്‍ മൂന്നുപേര്‍ ഏഷ്യന്‍ വംശജരും ഒരാള്‍ ആഫ്രിക്കക്കാരനാണെന്നുമാണ് തട്ടിപ്പിന് ഇരയായവര്‍ നല്കിയ മൊഴി. ബാങ്കിലേക്ക് 200000 ദിര്‍ഹവുമായി പോകുന്നതിനിടെ, ദുബായ് പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍പ്പെടുന്നവരാണ് എന്ന് പരിചയപ്പെടുത്തി നാലംഗ സംഘമെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ആവശ്യപ്പെട്ട പ്രകാരം പണവും മൊബൈലും തിരിച്ചറിയില്‍ രേഖകളും നല്കി. തുടര്‍ന്ന് വാഹനത്തില്‍ കയറ്റിക്കൊണ്ടു പോയ ശേഷം മരുഭൂമിയില്‍ തള്ളുകയായിരുന്നു.