ദുബായ്: അറബ് ലോകത്ത് ഏറ്റവും മികച്ച പാസ്പോർട്ട് യുഎഇയുടേത്. കുവൈറ്റ് രണ്ടാംസ്ഥാനത്തും ഖത്തർ മൂന്നാംസ്ഥാനത്തുമാണ്. ആഗോള കൺസൾട്ടിങ് സ്ഥാപനമായ നൊമാഡ് ക്യാപിറ്റലിസ്റ്റാണ് ലിസ്റ്റ് തയാറാക്കിയത്. ഒമാൻ നാലാംസ്ഥാനത്തും ബഹ്റൈൻ അഞ്ചാംസ്ഥാനത്തുമുണ്ട്.
അതേസമയം, അന്താരാഷ്ട്രതലത്തിൽ യുഎഇ 38ാം സ്ഥാനത്താണ്. കുവൈറ്റ് 98ഉം ഒമാൻ 103 സ്ഥാനത്ത്. ബഹ്റൈൻ പട്ടികയിൽ 105ാം സ്ഥാനത്ത്. കുവൈറ്റ് പാസ്പോർട്ട് ഉള്ളവർക്ക് 96 രാജ്യങ്ങളിൽ വിസയില്ലാതെയോ ഓൺലൈൻ വിസ ലഭിക്കുന്നതിലൂടെയോ പ്രവേശിക്കാം.
നൊമാഡ് ക്യാപിറ്റലിസ്റ്റിന്റെ 2021ലെ ലിസ്റ്റിൽ 199 അന്താരാഷ്ട്ര പാസ്പോർട്ടുകളാണ് പരിഗണനയ്ക്കെടുത്തത്. ഇതിൽ ലക്സംബർഗാണ് ഒന്നാംസ്ഥാനത്ത്. തൊട്ടു പിന്നിൽ സ്വീഡൻ, അയർലൻഡ്, സ്വിറ്റ്സർലൻഡ്, ബെൽജിയം എന്നീ രാജ്യങ്ങൾ യഥാക്രമം പിന്നിലുണ്ട്.
വിസ ഫ്രീ യാത്ര, അന്താരാഷ്ട്ര നികുതി നിയമങ്ങൾ, സന്തോഷവും വികസനവും, ഇരട്ട പൗരത്വം, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. എരിത്രിയ, സിറിയ, യെമൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പട്ടികയുടെ ഏറ്റവും പിന്നിൽ.
നൂറു മാർക്കിൽ ഇറാക്കിന് 23 മാർക്കാണ് ലഭിച്ചത്. ഇറാക്കി പാസ്പോർട്ട് ഉള്ളയാൾക്ക് വിസയില്ലാതെയോ ഓൺലൈൻ വിസ വഴിയോ 28 രാജ്യങ്ങളിൽ മാത്രമേ പ്രവേശനമുള്ളൂ.