ദുബായ്: ഇറാൻ അധീനതയിലുള്ള മൂന്നു ദ്വീപുകളുടെ പരമാധികാരം യുഎഇക്കാണെന്ന് ആവർത്തിച്ചു സ്ഥിരീകരിച്ച് അറബ് ലീഗിലെ വിദേശകാര്യമന്ത്രിമാർ. കെയ്റൊയിൽ ചേർന്ന യോഗത്തിലാണ് ഇറാന്റെ അധിനിവേശ നടപടിക്കെതിരേ രൂക്ഷ വിമർശനമുന്നിയിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. അബു മൂസ, ലെസർ ടം, ഗ്രേറ്റർ ടം എന്നീ ദ്വീപുകളുടെ പൂർണ അധികാരം യുഎഇക്കാണെന്നും ഇറാന്റെ ഇടപെടൽ മേഖലയിൽ അസ്ഥിരതയുണ്ടാക്കുകുയം ആഗോള സമാധാനത്തിന് തിരിച്ചടിയാകുകയും ചെയ്യുമെന്നും പ്രമേയത്തിൽ വ്യക്തമാക്കിയതായി ദേശീയ വാർത്താ ഏജൻസി ഡബ്ല്യുഎഎം റിപ്പോർട്ട് ചെയ്തു.
ഇമിറാത്തി ദ്വീപിൽ ഇറാൻ പൗരന്മാർക്കായി പാർപ്പിടം നിർമിക്കുന്നതിനെ വിമർശിച്ച അറബ് ലീഗ് പ്രകോപനപരമായ ഇത്തരം കടന്നുകയറ്റങ്ങളിൽനിന്ന് ഇറാൻ ഉടൻ പിൻമാറണമെന്ന് ആവശ്യപ്പെട്ടു. സ്വതന്ത്ര പരമാധികാര രാജ്യത്തിനു മേലുള്ള കടന്നുകയറ്റമായേ ഇതിനെ കാണാനാകൂവെന്നും മേഖലയിൽ അസ്ഥിരതയ്ക്കും സമുദ്ര ഗതാഗതത്തിനു ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടി. അബു മൂസ ദ്വീപിൽ ഇറാൻ രണ്ട് ഓഫിസുകൾ തുടങ്ങിയതിനും ഉന്നത ഇറേനിയൻ ഉദ്യോഗസ്ഥർ ഇവിടം സന്ദർശിക്കുന്നതിനുമെതിരേ ലീഗിൽ വിമർശനമുണ്ടായി.
യുഎഇ സ്ഥാപിതമാകുന്നതിന് രണ്ടു ദിവസം മുൻപ് 1971 നവംബർ 30നാണ് ഇറാൻ സൈന്യം ഈ ദ്വീപുകൾ കൈയേറിയത്.
വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഎഇ ഐക്യരാഷ്ട്ര സഭയെ സമീപിച്ചെങ്കിലും രക്ഷാസമിതി പിന്നീട് പരിഗണിക്കാൻ മാറ്റിവയ്ക്കുകയായിരുന്നു.