സുഡാനിലേക്ക് വൈദ്യസഹായമെത്തിച്ച് യുഎഇ

ദുബായ്: ആരോഗ്യ പ്രതിസന്ധി നേരിടുന്ന സുഡാനിലെ ജനങ്ങൾക്ക് യുഎഇ അടിയന്തര വൈദ്യസഹായമെത്തിച്ചു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിന്‍റെ നിർദേശപ്രകാരമാണ് ഇന്‍റർനാഷണൽ ഹ്യുമാനിറ്റേറിയൻ സിറ്റി രണ്ട് ചാർട്ടർ വിമാനങ്ങളിൽ സഹായമെത്തിച്ചത്. 795000 ഡോളർ വിലമതിക്കുന്ന 54 മെട്രിക്ക് ടൺ ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ വസ്തുക്കളാണ് എത്തിച്ചത്.

അവശ്യമരുന്ന് ക്ഷാമം നേരിടുന്ന സുഡാനിലെ ഏഴുലക്ഷത്തിലേറെ പേർക്ക് ഇത് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. യുഎഇയുടെ സഹായത്തിന് ലോകാരോഗ്യ സംഘടനാ പ്രതിനിധി നിമ അബിദ് നന്ദി അറിയിച്ചു. 2020ലെ വെള്ളപ്പൊക്ക കാലത്തും യുഎഇ സുഡാനിലേക്ക് സഹായമെത്തിച്ചിരുന്നു.