ടെല്‍അവീവ്: യുഎഇയുടെ ചരിത്ര നീക്കം. ഇസ്രായേലിലേക്ക് ആദ്യമായി അംബാസഡറെ നിയോഗിച്ചു. മുഹമ്മദ് അല്‍ ഖാജയാണ് ഇസ്രായേലിലേക്ക് നിയോഗിക്കപ്പെട്ട ആദ്യ യുഎഇ അംബാസഡര്‍. അദ്ദേഹം കഴിഞ്ഞദിവസം ഇസ്രായേലിലെത്തി. ഇസ്രായേല്‍ പ്രസിഡന്റ് റവന്‍ റിവ്‌ലിന്‍ ജറുസലേമില്‍ പ്രത്യേക സ്വീകരണമൊരുക്കിയിരുന്നു. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഒപ്പുവച്ച അബ്രഹാം കരാര്‍ പ്രകാരമാണ് യുഎഇ പ്രതിനിധിയെ നിയോഗിച്ചിരിക്കുന്നത്.
ഇസ്രായേലുമായി സമ്ബൂര്‍ണ നയതന്ത്രം സ്ഥാപിച്ച ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച മൂന്നാം മുസ്ലിം രാജ്യവും യുഎഇയാണ്. ഇവര്‍ക്ക് ശേഷം ബഹ്‌റൈനും സുഡാനും മൊറോക്കോയും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഇസ്രായേല്‍ പലസ്തീനുമായി സമാധാന കരാര്‍ ഒപ്പ് വയ്ക്കുന്നത് വരെ അവരുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ല എന്നാണ് നേരത്തെ അറബ് രാജ്യങ്ങള്‍ സ്വീകരിച്ചിരുന്ന നിലപാട്. ഇതില്‍ മാറ്റം വരുത്തിയാണ് അബ്രഹാം കരാര്‍ ഒപ്പുവച്ചത്. ഈ കരാര്‍ അനുസരിച്ചാണ് കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നത്.
ജറുസലേമിലെത്തിയ ഖാജ ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കനാസിയുമായി ചര്‍ച്ച നടത്തി. ഇസ്രായേലിലെ ആദ്യ അംബാഡറാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഖാജ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുകയാണ് തന്റെ ദൗത്യം. ഇതുവഴി പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഖാജ പറഞ്ഞു. കഴിഞ്ഞ ജനുവരിയില്‍ യുഎഇയില്‍ ഇസ്രായേല്‍ തങ്ങളുടെ എംബസി തുറന്നിരുന്നു. ഇറ്റന്‍ നഈ ആണ് യുഎഇയിലെ ആദ്യ ഇസ്രായേല്‍ അംബാസഡര്‍.