ശാരീരിക ബുദ്ധിമുട്ടുള്ള മാതാപിതാക്കളുമായി 11 വയസുകാരന്‍ സെക്കിള്‍ ചവിട്ടിയത് 600 കിലോമീറ്റര്‍

ലോക് ഡൗണിനെത്തുടര്‍ന്ന് നാട്ടിലേക്കുപോരാന്‍ ശാരീരിക ബുദ്ധിമുട്ടുള്ള മാതാപിതാക്കളുമായി 11 വയസുകാരന്‍ മുച്ചക്ര സെക്കിള്‍ ചവിട്ടിയത് 600 കിലോമീറ്റര്‍. തബറാക്ക് എന്ന കൊച്ചുപയ്യനാണ് ഒമ്പത് ദിവസം തുടര്‍ച്ചയായി സൈക്കിള്‍ ചവിട്ടി മാതാപിതാക്കളുമായി സ്വന്തം ഗ്രാമത്തിലെത്തിയത്. തബറാക്കിന്റെ പിതാവ് ഇസ്രാഫില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ വരണാസിയില്‍നിന്ന് ബിഹാറിലെ അരാരിയ ഗ്രാമത്തിലേക്കായിരുന്നു പട്ടിണിയെയും മരണത്തെയും അതിജീവിച്ച തബറാക്കിന്റെ യാത്ര. വരണാസിയില്‍ 20 വര്‍ഷമായി ഒരു മാര്‍ബിള്‍ കടയിലാണ് ഇസ്രാഫില്‍ ജോലി ചെയ്തിരുന്നത്. വലിയ കല്ല് വീണ് കാല്‍ ഒടിഞ്ഞതിനെത്തുടര്‍ന്ന് ജോലിക്കുപോകാനാതെ വീട്ടില്‍ കഴിയുമ്പോഴാണ് അപകടത്തില്‍പ്പെട്ട് കാഴ്ച നഷ്ടപ്പെട്ട അമ്മ സോഗ്രയുമായി തബറാക്ക് വരണാസിയിലെത്തിയത്. എന്നാല്‍ ഇരുവരും വരണാസിയില്‍ എത്തിയതിനു പിന്നാലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രോഗവ്യാപന സാധ്യതകള്‍ കണക്കിലെടുത്ത് കുടിയേറ്റ തൊഴിലാളികളെ ഉള്‍പ്പെടെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കു മാറ്റി. അങ്ങനെ സബറാക്കും ഇസ്രാഫിലും ക്വാറന്റൈന്‍ കേന്ദ്രത്തിലായി. പക്ഷേ, സ്ത്രീകള്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ സൗകര്യമില്ലാതിരുന്നതിനാല്‍ സോഗ്ര വീട്ടില്‍ തന്നെ കഴിയേണ്ടിവന്നു. ഇതോടെ എങ്ങനെയെങ്കിലും സ്വന്തം നാട്ടിലേക്കു പോയാല്‍ മതിയെന്നായി ഇസ്രാഫിലിന്റെ ചിന്ത. മാത്രമല്ല, മൂത്തമകന്‍ തമിഴ്‌നാട്ടില്‍ കുടുങ്ങിയിരുന്നു. മൂന്ന് പെണ്‍മക്കളില്‍ ഒരാളെ വിവാഹം ചെയ്തയച്ചു. മറ്റു രണ്ടുപേരും ബിഹാറിലെ വീട്ടില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഒടുവില്‍ തന്റെ മുച്ചക്ര സൈക്കിളില്‍ നാട്ടിലേക്കു പോരാന്‍ തീരുമാനിച്ചു. മറ്റാരും സഹായത്തിനില്ലാത്തതിനാല്‍ തബറാക്ക് തന്നെ സൈക്കിള്‍ ചവിട്ടാന്‍ തീരുമാനിക്കുകയായിരുന്നു. 

https://twitter.com/qarisohaibrjd?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1260936935582941185%7Ctwgr%5E&ref_url=https%3A%2F%2Fthewire.in%2Frights%2Flockdown-tricycle-cart-boy-parents-home

മതിയായ ഭക്ഷണംപോലും ഇല്ലാതെ കഴിയേണ്ടിവന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് പോരാന്‍ തീരുമാനിച്ചതെന്ന് ഇസ്രാഫില്‍ പറയുന്നു. ആളുകള്‍ കാല്‍നടയായിപോലും സ്വന്തം വീടുകളിലേക്ക് പോകുന്നുണ്ടായിരുന്നു. വഴിനീളെ പലരും സഹായിച്ചതോടെ മറ്റു ബുദ്ധിമുട്ടുകളോ പട്ടിണിയോ കൂടാതെ നാട്ടിലെത്തി. പട്ടിണിയാണെങ്കിലും മരണമാണെങ്കിലും എല്ലാവര്‍ക്കും ഒരുമിച്ച് അനുഭവിക്കാമല്ലോ എന്നേ ആലോചിച്ചുള്ളൂവെന്നും ഇസ്രാഫില്‍ പറഞ്ഞു. സ്വന്തമായ ഭൂമിയോ വീടോ ഇല്ലാത്ത ഇസ്രാഫിലും കുടുംബവും മറ്റൊരാളുടെ സ്ഥലത്ത് കുടില്‍ കെട്ടിയാണ് താമസിക്കുന്നത്.

https://thewire.in/rights/lockdown-tricycle-cart-boy-parents-home

പരിക്കേറ്റ അച്ഛനുമായി നാട്ടിലേക്ക് സൈക്കിള്‍ ചവിട്ടിപ്പോന്ന ജ്യോതികുമാരിക്കു പിന്നാലെ തബറാക്കിന്റെ യാത്രയും സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വൈറലായി. കോണ്‍ഗ്രസ്, ആര്‍.ജെ.ഡി നേതാക്കള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയെ പരിഹസിച്ചും തബറാക്കിന്റെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ചുംകൊണ്ടാണ് ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചത്.