അബുദാബി: നായ്ക്കളെ ഉപയോഗിച്ച് മണത്തറിഞ്ഞ് മയക്കുമരുന്നും സ്ഫോടകവസ്തുക്കളും പിടികൂടുന്ന റാസ്കാർഗോ (റിമോർട്ട് എയർ സാംപ്ളിങ്) സംവിധനാത്തിന് യുഎഇയിൽ തുടക്കം. ചരക്കുകൾക്കിടയിൽ ഒളിപ്പിച്ചുകടത്തുന്ന ലഹരിവസ്തുക്കളും മറ്റും കണ്ടെത്താനാണ് ഫെഡറൽ കസ്റ്റംസ് അഥോറിറ്റി പുതിയ പദ്ധതി നടപ്പിലാക്കിയത്. യുഎഇ ഇന്നൊവേറ്റ്സ് 2021 ക്യാംപെയ്ന്റെ ഭാഗമായാണ് നവീന സംവിധാനം ഏർപ്പെടുത്തിയത്.
കര, വ്യോമ, നാവിക മാർഗം വഴി രാജ്യത്തേക്ക് എത്തുന്ന ചരക്കുകളും തിരിച്ച് ഇതര രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന വസ്തുക്കളും റാസ്കാർഗോ പരിശോധനയ്ക്കു വിധേയമാക്കും. കണ്ടെയ്നറുകൾ, കപ്പലുകൾ, എൻജിനുകൾ, ഹെവി വാഹനങ്ങൾ, ചെറുകിട ഇടത്തരം വാഹനങ്ങൾ, അടച്ച ട്രക്കുകൾ എന്നിവയ്ക്കുള്ളിലെ വായു ശേഖരിച്ച് നവീന സാങ്കേതിക വിദ്യയിലൂടെ പരിശോധിച്ചാണ് കള്ളക്കടത്ത് തടയുക. ഈ സംവിധാനം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് യുഎഇ.
പുതിയ സംവിധാനത്തിലൂടെ കള്ളക്കടത്ത് തടയുന്നതു കൂടാതെ, കസ്റ്റംസ് ക്ലിയറൻസ് സമയം കുറയ്ക്കാനും സാധിക്കും. മണിക്കൂറിൽ 20 മുതൽ 30 സാംപ്ളുകൾ വരെ പരിശോധിക്കാനാകും. എട്ടുമണിക്കൂറിൽ 160 മുതൽ 240 വരെ കണ്ടെയ്നറുകളോ ട്രക്കുകളോ പരിശോധിക്കാനാകുമെന്നാണ് കരുതുന്നത്.