60 പിന്നിട്ടവർ വാക്സിന് മുൻകൂർ അനുമതി തേടണം

ദോഹ: അറുപത് വയസിനു മുകളിൽ പ്രായമുള്ളവർ കോവിഡ് പ്രതിരോധ കുത്തിവയ്പ്പിന് മുൻകൂട്ടി അനുമതി വാങ്ങണമെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം. അതേസമയം, മുതിർന്ന പൗരന്മാർ വാക്സിൻ എടുക്കുന്നതിൽ വിമുഖതകാണിക്കരുതെന്നും അധികൃതർ. 40277077 എന്ന ഹോട്ട് ലൈൻ നമ്പറിലാണ് വിളിക്കേണ്ടത്. രാവിലെ ഏഴുമുതൽ രാത്രി പതിനൊന്നു വരെ വിളിക്കാം.

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നവരിൽ ഭൂരിപക്ഷവും 60 വയസിനു മുകളിലുള്ളവരാണ്. അറുപത് വയസ് പിന്നിട്ടവർക്ക് മാത്രമായി പ്രത്യേക വാക്സിൻ ബുക്കിങ്ങിനായി പ്രാഥമിക പരിചരണ കോർപ്പറേഷനാണ് ഹോട്ട്‌ലൈൻ ബുക്കിങ് തുടങ്ങിയത്.

ഫൈസർ- ബയോടെക്ക്, മൊഡേണ വാക്സിനുകളാണ് ഖത്തറിൽ വിതരണം ചെയ്യുന്നത്. ഫൈസർ വാക്സിൻ 16 വയസിനു മുകളിലുള്ളവർക്കും മോഡേണ പതിനെട്ടു വയസിനു മുകളിലുള്ളവർക്കുമാണ് നൽകുന്നത്.