കോവിഡ്: ദുബായിൽ റംസാൻവരെ കർശന നിയമങ്ങൾ

ദുബായ്: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഒരുക്കിയ കർശന നിയന്ത്രണങ്ങൾ റംസാൻ വരെ തുടരാൻ ദുബായ്. പബ്ബുകളും ബാറുകളും അടച്ചിടും. റസ്റ്ററന്‍റുകളും കഫേകളും പുലർച്ചെ ഒന്നുവരെ മാത്രം. മാളുകൾ, സ്വകാര്യ ബീച്ചുകൾ എന്നിവിടങ്ങളിൽ 70 ശതമാനം പേരെ മാത്രം അനുവദിക്കും. സിനിമ തിയറ്റർ, വിനോദ കേന്ദ്രങ്ങൾ, കായിക വേദികൾ തുടങ്ങിയ സ്ഥലങ്ങളിൽ അമ്പതു ശതമാനം പേർക്കു അനുമതിയുണ്ടാകും. ദുബായ് ദുരന്ത നിവാരണ സുപ്രീം കമ്മിറ്റിയുടേതാണ് നിയന്ത്രണങ്ങൾ.

കോവിഡ് മുൻനിര പോരാളികൾ ഉൾപ്പെടെയുള്ളവരിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനങ്ങൾ. കോവിഡ് ചട്ടങ്ങൾ പാലിക്കാത്തവരെ കണ്ടെത്താനുള്ള കർശന പരിശോധനകളും നടക്കുന്നുണ്ട്. മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയൊടുക്കേണ്ടി വരും.

കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഉടൻ അറിയിക്കണമെന്ന് ദുബായ് പൊലീസ് നാട്ടുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.