ദുബായ് : കുവൈത്തിന്റെ 60ാം ദേശീയ ദിനത്തിന് ആദരവുമായി ദുബായിലെ നഗരപ്രദേശത്തിന് അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ പേരിട്ടു. ഡിസംബര്‍ രണ്ട് സ്ട്രീറ്റ് മുതല്‍ ദുബായ് ക്രീക്ക് വരെ നീളുന്ന അല്‍ മന്‍കൂല്‍ റോഡിന്റെ പേരാണ് വ്യാഴാഴ്ച ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തത്.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് റോഡിന്റെ പേര് പുനര്‍നാമകരണം ചെയ്തത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ചരിത്രപ്രധാനമുള്ള ഭാഗങ്ങളിലൊന്നാണിത്. എമിറേറ്റിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഈ പേര്മാറ്റം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) ചെയര്‍മാന്‍ മത്താര്‍ അല്‍ തായര്‍ അഭിപ്രായപ്പെട്ടു .
അതെ സമയം പേരുമാറ്റത്തെത്തുടര്‍ന്ന് റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന 55 ബോര്‍ഡുകളും സൈന്‍ബോര്‍ഡുകളും മാറ്റി സ്ഥാപിച്ചു. അറബ് ലോകത്തെ ഐക്യത്തിന് ശൈഖ് സബാഹ് നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരമാണിതെന്ന് അല്‍ തായര്‍ പറഞ്ഞു.