റഷ്യൻ ചാർട്ടേഡ് വിമാനസർവീസ്: നിഷേധിച്ച് ഈജിപ്റ്റ്

കെയ്റൊ: റഷ്യയുമായുള്ള വ്യോമഗതാഗതം പുനരാരംഭിക്കുമെന്നുള്ള വാർത്ത നിഷേധിച്ച് ഈജിപ്ഷ്യൻ മന്ത്രാലയം. ഈജിപ്റ്റിലെ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ ഷരംഅൽ ഷെയ്ക്കിലേക്കും ഹർഗദയിലേക്കുമുള്ള വിമാന സർവീസുകൾ ഉടൻ തുടങ്ങുമെന്നുള്ള റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു വ്യോമ ഗതാഗത മന്ത്രാലയം അധികൃതർ. ചാർട്ടർ എയർ ട്രാഫിക്ക് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് റഷ്യയുടെ ഭാഗത്തുനിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് വ്യോമയാന മന്ത്രി മുഹമ്മദ് മനാർ പറഞ്ഞു.

മാത്രമല്ല, ഷരംഅൽ ഷെയ്ക്കിലെയും ഹർഗദയിലെയും വിമാനത്താവളങ്ങളിൽനിന്ന് ഈ മാസമാദ്യം മടങ്ങിയ റഷ്യൻ പരിശോധന, സുരക്ഷാ കമ്മിറ്റിയുടെ യാതൊരു വിവരവും ലഭ്യമല്ലെന്നും മന്ത്രി. അതേസമയം, മാർച്ച് അവസാനത്തോടെ മേൽപ്പറഞ്ഞ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സർവീസ് തുടങ്ങാൻ അനുമതി തേടി വിമാനക്കമ്പനികൾസിവിൽ ഏവിയേഷൻ അഥോറിറ്റിയെ സമീപിച്ചതായും മന്ത്രി.

റഷ്യൻ നഗരങ്ങളിൽനിന്ന് ഈജിപ്റ്റിലെ റിസോർട്ടുകളിലേക്കുള്ള സർവീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിൽനിന്നും അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ടൂർ ഓപ്പറേറ്റഴ്സ് അസോസിയേഷൻ വൈസ്പ്രസിഡന്‍റ് ദിമിത്രി ഗോരിൻ പറഞ്ഞു.

സർവീസുകൾ പുനരാരംഭിക്കുന്നതായുള്ള വാർത്തകൾ മാധ്യമങ്ങളുടെ നിഗമനം മാത്രമാണെന്ന് ഈജിപ്ഷ്യൻ ടൂറിസം മന്ത്രി ഖാലിദ് അല് അനാനി പറഞ്ഞു.