ജിദ്ദ: കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്ക് പ്രതിരോധ വാക്സിൻ ഒരു ഡോസ് മതിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സുഖംപ്രാപിച്ച് ആറു മാസത്തിനു ശേഷമാണ് കുത്തിവയ്പ്പെടുക്കേണ്ടത്. പകർച്ച വ്യാധികൾക്കായുള്ള ദേശീയ സമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സുഖംപ്രാപിച്ച് ആറുമാസം കഴിഞ്ഞവരുടെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയെ ഒരു ഡോസ് വാക്സിൻ ഉത്തേജിപ്പിക്കും. ഇത്തരം ആൾക്കാരുടെ ആരോഗ്യസ്ഥിതിവിവരം ‘തവക്കൽനാ’ ആപ്പിൽ പ്രത്യക്ഷപ്പെടുക ‘ആറുമാസത്തിനുള്ളിൽ ആരോഗ്യനില വീണ്ടെടുക്കുന്നു’ എന്ന വാചകത്തോടെ ആയിരിക്കും. പുതുതായി കോവിഡ് ബാധിക്കുന്ന കേസുകളെ മന്ത്രാലയം വളരെ ജാഗ്രതയോടെയാണ് പിന്തുടരുന്നതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു.
മുൻകരുതൽ നടപടികൾ തുടർന്നും പാലിക്കുന്നതിലൂടെ പോസിറ്റിവ് ദിശയിലേക്കായിരിക്കും നാം എത്തിച്ചേരുക എന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് കൂടുതൽ അടുത്തുവരികയാണെന്നാണ് സ്ഥിതിഗതികൾ ചുണ്ടിക്കാണിക്കുന്നത്. എല്ലാവരും ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പ്രാധാന്യത്തോടെ പാലിക്കണം. കോവിഡിന്റെ രൂക്ഷതയെയും മരണസാധ്യതയെയും തടയുന്നതിൽ ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച ആസ്ട്രാസെനക വാക്സിൻ ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും 50ലധികം രാജ്യങ്ങളും ഈ വാക്സിന് അംഗീകാരം നൽകിയിട്ടുണ്ട്.
സൗദി അറേബ്യ പുതുതായി അനുമതി നൽകിയത് ഈ വാക്സിനാണ്. ഇനിയുള്ള വാക്സിനിഷേൻ പ്രക്രിയയിൽ ഈ വാക്സിനും ഉപയോഗിക്കും. ഇതുവരെ അഞ്ചുലക്ഷം ഡോസ് വാക്സിൻ കുത്തിവെപ്പ് നടത്തി. വാക്സിനേഷൻ വിപുലീകരിക്കാനുള്ള പദ്ധതി നടന്നുവരുകയാണ്. വാക്സിനുകൾ പകർച്ചവ്യാധിയെ നേരിടാനുള്ള ശക്തമായ ആയുധമാണ്. രാജ്യത്ത് നൽകുന്ന എല്ലാ വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.