ടിക്കറ്റ് ക്യാൻസലേഷൻ; യാത്രക്കാരെ പിഴിഞ്ഞ് എയർ ഇന്ത്യ

ദോഹ: സുപ്രീം കോടതി വിധി പോലും പരിഗണിക്കാതെ യാത്രക്കാരെ പിഴിഞ്ഞ് എയർഇന്ത്യ എക്സ്പ്രസ്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് യാത്ര സാധ്യമാകാത്തവർക്ക് ടിക്കറ്റിന്‍റെ തുക പൂർണമായും മടക്കി നൽകണമെന്ന് സുപ്രീം കോടതി വിധി നിലനിൽക്കെയാണ് മലക്കം മറിഞ്ഞ് എയർഇന്ത്യയുടെ നിലപാട്. യാത്ര ക്യാൻസൽ ചെയ്യുന്നവരോട് തുക മടക്കിക്കൊടുക്കാനാകില്ലെന്നാണ് വിമാനക്കമ്പനി പറയുന്നത്.

അതേസമയം, സർവീസ് ചാർജ് ഈടാക്കാതെ യാത്രാ തീയതി മാറ്റി നൽകാമെന്ന വിചിത്ര വാദവും കമ്പനി ഉയർത്തുന്നുണ്ട്. എന്നാൽ മാറ്റി നൽകുന്ന തീയതിയിലെ തുക കൂടുതലാണെങ്കിൽ അത് നൽകാൻ യാത്രക്കാർ ബാധ്യസ്ഥരാണ്. ടിക്കറ്റ് തുക കുറവാണെങ്കിൽ അത് തിരിച്ചു നൽകില്ലെന്നും എയർഇന്ത്യക്കാർ പറയുന്നു. ഇന്ത്യയിലെയും ദോഹയിലെയും അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇതേ മറുപടിയാണ് ലഭിക്കുന്നത്.

റീഫണ്ട് പോളിസി ഇങ്ങനെയാണെന്നും ഇതുമാത്രമേ സാധ്യമാകുകയുള്ളൂവെന്നുമാണ് കമ്പനിയുടെ നിലപാട്. കോവിഡ് പ്രതസന്ധി കാലഘടമായതിനാൽ നിയമനടപടിക്കു തയാറാകില്ലെന്ന ധാരണയാലാണ് കമ്പനി ഇങ്ങനെ പ്രതികരിക്കുന്നതെന്ന് യാത്രക്കാർ ആരോപിക്കുന്നു.