കുവൈറ്റ് സിറ്റി: കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആയിരം കടന്നതിനു പിന്നാലെ പ്രതിരോധ നടപടികൾ ശക്തമാക്കി കുവൈറ്റ് അധികൃതർ. കോഫി ഷോപ്പുകളിലും മറ്റു ഭക്ഷണശാലകളിലും പരിശോധന കർശനമാക്കിയതായി കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്റ്റർ ജനറൽ അഹമ്മദ് അൽ മൻഫൂഹി. സബാനിലെ മുറൂജ് കോംപ്ലക്സിലെ ഭക്ഷണകേന്ദ്രങ്ങൾ പരിശോധിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷണശാലകളിൽ ഉൾപ്പെടെ കർശന സുരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം. രോഗവ്യാപനം തടയൽ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. വ്യാപാര, വ്യവസായ സംരംഭങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോഴും ജാഗ്രതപാലിക്കേണ്ടതാണ്. കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം.
രാജ്യത്തെ എല്ലാ ഭക്ഷണശാലകളും സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തേണ്ടതാണന്ന് അദ്ദേഹം ഓർമിപ്പിച്ചു.