തരംഗമാകാൻ ക്ലബ് ഹൗസ്; ഇൻവിറ്റേഷന് 200 റിയാൽ!

ജിദ്ദ: സെൻസറിങ്ങില്ലാത്ത ശബ്ദാധിഷ്ഠിത ചാറ്റ്റൂമായ ക്ലബ് ഹൗസിന് സൗദിയിൽ പ്രിയമേറുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ആയിരക്കണക്കിന് സൗദിക്കാർ ഈ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. രാജ്യത്ത് ആപ്പ് സ്റ്റേറിൽ ഏറ്റവും ജനപ്രിയമായ പ്ലാറ്റ്ഫോമായി മാറിയിരിക്കുകയാണ് ക്ലബ് ഹൗസ്. അതേസമയം, ആൻഡ്രോയിഡ് ഫോണുകളിൽ ഇത് ലഭ്യമല്ല.

ഇതര അറബ് രാജ്യങ്ങളിലേക്കു കൂടി ക്ലബ് ഹൗസിന്‍റെ പ്രചാരം വ്യാപിക്കുകയാണ്. എല്ലാ ഉപയോക്താക്കൾക്കും തുല്യപ്രാധാന്യം നൽകുകയും എല്ലാവർക്കും ഒരുപോലെ ഇടപെടാനും സംസാരിക്കാനും ചാറ്റ് റൂമുകളിൽ പങ്കെടുക്കാനുമൊക്കെ സാധിക്കുമെന്നതാണ് പ്ലാറ്റ്ഫോമിന്‍റെ പ്രത്യേകത. തത്സമയ ശബ്ദ സംഭാഷണം സാധ്യമാകുന്നുവെന്നത് ഇതിനെ വേറിട്ടതാക്കുന്നു.

ഇൻവൈറ്റ് ഓൺലി പ്ലാറ്റ്ഫോമാണ് എന്നതിനാൽ മറ്റ് ആപ്പുകളെ പോലെ ആപ്പ് സ്റ്റോറിൽ കയറി എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. നിലവിലെ ഏതെങ്കിലും ഉപയോക്താവ് ക്ഷണിച്ചാൽ മാത്രമേ ക്ലബ് ഹൗസിന്‍റെ ഭാഗമാകാൻ സാധിക്കൂ.

ലോകവ്യാപകമായി പ്രചാരമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ജനുവരി ആദ്യവാരം ക്ലബ് ഹൗസ് അറിയിച്ചിരുന്നു. നിലവിൽ പുതിയ അംഗത്തിന് ഒരാളെ മാത്രമേ ഇൻവൈറ്റ് ചെയ്യാൻ സാധിക്കുകയുള്ളു. എന്നാൽ ഇത് നാലുപേരെയാക്കുമെന്നും സൂചന.

അതേസമയം, ഇൻവൈറ്റ് ഓൺലി മോഡൽ ആയതുകൊണ്ട് ക്ലബ് ഹൗസ് അംഗത്വത്തിന് ഡിമാൻഡും കൂടുതലാണ്. പലരും പണംകൊടുത്ത് ഇൻവിറ്റേഷന് ശ്രമിക്കുന്നുണ്ട്. 15 സൗദി റിയാൽ തൊട്ട് 200 സൗദി റിയാൽ വരെ നൽകാൻ തയാറാണെന്ന് പലരും ട്വിറ്ററിലൂടെയും മറ്റും അറിയിക്കുന്നു. തിരിച്ച്, അംഗത്വമുളളവർ ഇൻവിറ്റേഷൻ നൽകാൻ തയാറാണെന്നും നിശ്ചിത തുക നൽകണമെന്നും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുന്നു.