അബുദാബി: കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി അബുദാബിയിൽ സ്കൂളുകൾ തുറന്നു. അഞ്ച് ആഴ്ചത്തെ ഇ ലേണിങ്ങിനു ശേഷം 9, 10,11, 12 ക്ലാസുകളിലെ വിദ്യാർഥികളാണ് ഇന്നലെ പരീക്ഷയ്ക്കായി ക്ലാസിലെത്തിയത്. അതേസമയം, പ്രീപ്രൈമറി മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളിൽ നേരിട്ടുള്ള പഠനം തെരഞ്ഞെടുത്തവർ മാത്രമാണ് ഇന്നലെ സ്കൂളുകളിലെത്തിയത്.
യുഎഇയിൽ പൊതുവെയും അബുദാബിയിലും ഏതാനും ആഴ്ചകളിലായി തുടരുന്ന കനത്ത മൂടൽ മഞ്ഞും ഹാജർനിലയെ ബാധിച്ചു. അഞ്ഞൂറിൽതാഴെ വിദ്യാർഥികൾ മാത്രമാണ് പല സ്കൂളുകളിലുമെത്തിയത്. കനത്ത നിയന്ത്രണങ്ങളോടെയാണ് സ്കൂളുകൾ തുറന്നത്. പുതുതായി പരിചയിക്കുന്ന കോവിഡ് മാനദണ്ഡങ്ങളോടു പൊരുത്തപ്പെടാൻ വിദ്യാർഥികൾ സമയമെടുത്തു. തെൽമൽ സ്കാനിങ്ങും സാനിറ്റർ പ്രയോഗവും കഴിഞ്ഞശേഷമാണ് ക്ലാസുകളിലേക്കു കടത്തിവിട്ടത്. മാസ്ക്കും ശാരീരിക അകലവും നിർബന്ധമായിരുന്നു.
മാസ്ക് ധരിച്ചതിനെത്തുടർന്ന പലവിദ്യാർഥികൾക്കും പരസ്പരം തിരിച്ചറിയാനായില്ല. കളിചിരികൾ ഒതുക്കിപ്പിടിച്ച് പുതിയ നിയന്ത്രണങ്ങളോട് പൊരുത്തപ്പെട്ടാണ് പലരും സ്കൂളുകൾ വിട്ടത്.
ഏതാനും ചില സ്കൂളുകളിൽ എട്ടാംക്ലാസുവരെയുള്ളവർ ഇന്നാണ് എത്തുക. മുതിർന്ന വിദ്യാർഥികൾ പിസിആർടെസ്റ്റും മറ്റുള്ളവർ ഉമിനീർ പരിശോധനയും നടത്തി കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയിരുന്നു.