റിയാദ്: തബൂക്കിലെ ‘ജബൽ അൽലോസ്’ പർവതനിരകൾ ശൈത്യകാല ടൂറിസ്റ്റുകളെ മാടിവിളിക്കുന്നു. പർവതക്കാഴ്ചകൾ കൂടാതെ സ്കീയിങ്ങും ട്രക്കിങ്ങും ചെയ്യാനാകുമെന്നതും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുകയാണ് ജബൽ അൽലോസിനെ. ഇളം നിറങ്ങളിലുള്ള ഗ്രാനൈറ്റ് പാറകളുടെ അപൂർവ കാഴ്ചകൾകൂടിയുള്ള ഈ പ്രദേശം തബൂക്ക് നഗരത്തിൽനിന്ന് പടിഞ്ഞാറ് 200 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
തബൂക്കിൽനിന്ന് ഹഖ്ൽ എന്ന കടൽത്തീര പട്ടണത്തിലേക്ക് പോകുന്ന വഴിയിലാണ് ജബൽ അൽലോസ്. ‘ബദാം പർവതം’ എന്നാണ് ഈ പേരിന് അർഥം. ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്ന ബദാം മരങ്ങൾ ധാരാളം ഉള്ളതിനാലാണ് ഈ പേരിൽ പർവതം അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽനിന്ന് 2,580 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. തബൂക്ക് പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള പർവതമാണിത്. സൗദിയിൽ എല്ലാ വർഷവും മഞ്ഞുവീഴ്ചയുള്ള ഒരു പ്രദേശംകൂടിയാണിത്. ഈ പർവതത്തിന്റെ ഉച്ചിയിലേക്കുള്ള സഞ്ചാരമാണ് ഏറെ അനുഭൂതി പകർന്നുതരുന്നതെന്ന് അനുഭവസ്ഥർ പറയുന്നു. മുകളിലെത്തുംതോറും തണുപ്പ് കൂടിവരുന്നത് വേറിട്ട അനുഭവമായിരിക്കും.
മഞ്ഞുവീഴ്ചയുടെ വിസ്മയ കാഴ്ചകൾ കൺകുളിർക്കെ കാണാനും ശൈത്യകാല അനുഭവങ്ങൾ നുകരാനും പ്രകൃതിസൗന്ദര്യം ഒപ്പിയെടുക്കാനും പ്രദേശത്തെത്തുന്ന സഞ്ചാരികൾ മണിക്കൂറുകളാണ് ഇവിടെ ചെലവഴിക്കുന്നത്. പൊതുവെ ഉഷ്ണവും മണൽപ്രദേശങ്ങളും മാത്രം കണ്ടുപരിചയിക്കുന്ന സഞ്ചാരികൾക്ക് കടൽകാഴ്ചകളും ഹിമവീഴ്ചകളും പ്രകൃതിസൗന്ദര്യവും ഒരിടത്തുനിന്നുതന്നെ ആസ്വദിക്കാൻ ജബൽ അൽലോസ് മേഖലയിൽനിന്ന് കഴിയും.
സൗദി വിൻറർ ടൂറിസവുമായി ബന്ധപ്പെട്ട് ഇവിടേക്ക് സൗദി ടൂറിസം അതോറിറ്റി വിവിധ ട്രിപ് പാക്കേജുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉൾപ്പെടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന യാത്രാ ഷെഡ്യൂളുകളും ഒരുക്കുന്നുണ്ട്. ഒട്ടകസവാരിയും ചരിത്രപ്രദേശങ്ങളുടെ സന്ദർശനവും ഷോപ്പിങ്ങും എല്ലാം ഉൾക്കൊള്ളിച്ചുള്ള വിവിധ ട്രിപ്പുകൾ സന്ദർശകരെ ആകർഷിക്കുന്നു. മാർച്ച് അവസാനം വരെയാണ് ട്രിപ്പുകൾ ഒരുക്കുന്നത്. 200ലധികം ടൂർ ഓപറേറ്റർമാർ മുഖേന 300ലധികം ടൂറിസം പാക്കേജുകളും ടൂറിസം അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.