ദുബായ്: യുഎഇയിൽ പുതുതായി 3251 കോവിഡ് കേസുകൾ കൂടി. കോവിഡ് ബാധിച്ച് വെള്ളിയാഴ്ച 14 മരണമുണ്ടായപ്പോൾ 3,860 പേർ രോഗമുക്തരായി. 148574 പരിശോധനകൾ നടത്തിയതിൽനിന്നാണ് ഇത്രയും കേസുകൾ.
ഇതോടെ, യുഎഇയിൽ ആകെ കേസുകൾ 3,20126ആയി ഉയർന്നു. മൊത്തം രോഗമുക്തർ 297040. ഇതുവരെ മരിച്ചത് 902 പേർ. രാജ്യത്താകമാനം 2.65 കേടി പരിശോധനകൾ നടത്തി. രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ ഖത്തർ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. മിക്ക ഗൾഫ് രാജ്യങ്ങളും കഴിഞ്ഞദിവസങ്ങളിൽ കോവിഡ് പ്രതിരോധ ചട്ടങ്ങൾ കടുപ്പിച്ചിരുന്നു.
അജ്മാനിൽ കഫേകളും റസ്റ്ററന്റുകളും പുതിയ സമയക്രമം നടപ്പാക്കി. വെള്ളിയാഴ്ച മുതൽ അർധരാത്രി 12 വരെ മാത്രമേ ഭക്ഷണക്കടകൾ പ്രവർത്തിക്കൂ. അതേസമയം, പാഴ്സലുകൾ നൽകുന്നതിന് വിലക്കില്ല. ഇതനിടെ, കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് യുഎഇ നിയന്ത്രണം ഏർപ്പെടുത്തി. പൗരന്മാരല്ലാത്തവർക്ക് രണ്ടാഴ്ചത്തേക്ക് കുവൈറ്റ് പ്രവേശനം വിലക്കിയതിനു പിന്നാലെയാണ് യുഎഇയുടെ തീരുമാനം. എമിറേറ്റ്സ് എയർലൈൻ, ഇത്തിഹാദ് എയർവേയ്സ്, ഫ്ലൈ ദുബായ് എന്നിവർ കുവൈറ്റിലേക്ക് സർവീസ് നിർത്തിവച്ചു.