കുവൈത്ത് സിറ്റി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാർക്ക് മൂന്നുമാസത്തേക്ക് വാർഷികാവധി നൽകേണ്ടെന്ന് തീരുമാനം. ഫെബ്രുവരി ഏഴുമുതൽ മൂന്നുമാസത്തേക്കാണ് ഉത്തരവിന് പ്രാബല്യം.
വിദേശ ജീവനക്കാർ അവധിയെടുത്ത് നാട്ടിൽ പോയാൽ തിരിച്ചുവരവ് പ്രതിസന്ധിയിലാകുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്. കോവിഡ് കേസുകൾ കൂടിവരുന്ന പശ്ചാത്തലത്തിൽ വരുന്ന മാസങ്ങളിൽ എന്തു സംഭവിക്കുമെന്ന ആശങ്കയുമുണ്ട്. വാക്സിനേഷൻ വിപുലപ്പെടുത്തുമ്പോൾ കൂടുതൽ ജീവനക്കാരെ ആവശ്യമായി വരും. ഈ സാഹചര്യത്തിലാണ് മൂന്നുമാസത്തേക്ക് അവധി മരവിപ്പിച്ച് അധികൃതർ ഉത്തരവിറക്കിയത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്ക് വിദേശികൾക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ഏഴുമുതൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെയാക്കി നിശ്ചയിച്ചിട്ടുണ്ട്.