കോവിഡ്- 19ന് 4000 വകഭേദങ്ങൾ; വാക്സിനുകൾ കൂട്ടിച്ചേർക്കാൻ ബ്രിട്ടൻ

ലണ്ടൻ: കോവിഡ് 19ന് കാരണമായ വൈറസിന് 4000 വകഭേദങ്ങളുണ്ടെന്നും ഇതിനനുസരിച്ച് വാക്സിനുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും ബ്രിട്ടൻ. ഇതിലേക്കായി ഫൈസർ, ആസ്ട്രസെനിക്ക വാക്സിനുകൾ കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടിഷ് ഗവേഷകർ.

ബ്രിട്ടിഷ്, ദക്ഷിണാഫ്രിക്കൻ, ബ്രസീലിയൻ തുടങ്ങി അതിവേഗം പകരുന്നവ ഉൾപ്പെടെ ആയിരക്കണക്കിനു വൈറസ് വകഭേദങ്ങൾ ഇതിനിടെ രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ വാക്സിനുകൾ ഇത്തരത്തിൽപ്പെട്ട രോഗാണുക്കൾക്കെതിരേ ഫലപ്രദമല്ലെന്നു ബ്രിട്ടിഷ് വാക്സിൻ ഡിപ്ലോയ്മെന്‍റ് മന്ത്രി
നദീം സഹാവി. കടുത്ത രോഗലക്ഷണങ്ങളും ആശുപത്രിവാസവും ആവശ്യമായ ഇനം വൈറസുകൾക്കെതിരേ ഇത്തരം വാക്സിനുകൾ ഉപയോഗപ്രദമല്ല.

ഫൈസർ,മോഡേണ, ഓക്സ്ഫഡ്, ആസ്ട്രസെനീക്ക തുടങ്ങിയ എല്ലാ നിർമാതക്കളും നിലവിലെ വാക്സിനുകൾ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണെന്നും സഹാവി പറഞ്ഞു. ആയിരക്കണക്കിന് വകഭേദങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഇതിൽ ചിലവ മാത്രമണ് അപകടകാരികളെന്ന് ബ്രിട്ടിഷ് മെഡിക്കൽ ജേണൽ ചൂണ്ടിക്കാട്ടുന്നു.