അൽ മുകല്ല: സൈനിക, സുരക്ഷാ ഉദ്യോഗസ്ഥര വധിക്കാനുള്ള എട്ടംഗ ഹൂതി വനിതാ സംഘത്തിന്‍റെ ശ്രമം യെമൻ അധികൃതർ പരാജയപ്പെടുത്തി. സെൻട്രൽ നഗരമായ മരിബിൽ വിവിധ ഇടങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്ന സംഘത്തെ പൊലീസ് പിടികൂടി. പ്രാദേശിക ലക്ഷ്യങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരുമാസമായി വനിതാ ഭീകരരെ പിന്തുടരുന്നുണ്ടായിരുന്നെന്നും ഇവരെ പിടികൂടിയിടത്തുനിന്ന് ജിപിഎസ് സംവിധാനങ്ങളും മൊബൈൽ ഫോണിൽ ആക്രമണ ലക്ഷ്യങ്ങളെകുറിച്ചുള്ള വിവരങ്ങളും ലഭ്യമായതായി പൊലീസ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ, നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ഹൂതി സ്ലീപ്പർ സെൽ അംഗങ്ങളെ അധികൃതർ പിടികൂടിയിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഇത്തരത്തിലുള്ള വനിതാസംഘത്തിന്‍റെ ആക്രമണ നീക്കം പരാജയപ്പെടുത്തുന്നത്. അതേസമയം, ഹൂതി കേന്ദ്രങ്ങൾ ഇക്കാര്യം നിഷേധിച്ചു. മാത്രമല്ല, യെമൻ ഗവൺമെന്‍റ് സ്ത്രീകളെ അന്യായമായി തടങ്കലിലാക്കിയിരിക്കുകയാണെന്നും ഇവർ ആരോപിച്ചു.
ഭരണകൂടത്തിന്‍റെ നിയന്ത്രണത്തിലുള്ള മേഖലകളിൽ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഹൂതി ഭീകരരെ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ യെമൻ കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നു.
ഇതിനിടെ, ചൊവ്വാഴ്ച വടക്കൻ പ്രവിശ്യയായ അമ്രനിൽ നിരവധി സൈനിക ഉദ്യോഗസ്ഥറുടെ വീടുകളും മറ്റു സ്വത്തുക്കളും ഹൂതികൾ കൊള്ളയടിച്ചു. യെമന്‍റെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്.