ദുബായ്: കുവൈറ്റിലെത്തുന്ന വിദേശികൾക്ക് വിമാനത്താവളത്തിൽ നിയന്ത്രണമേർപ്പെടുത്തിയതോടെ യുഎഇയിൽ ദുരിതത്തിലായത് മലയാളികളടക്കം ഒട്ടേറെ യാത്രക്കാർ. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നാണ് നിയന്ത്രണം.
അതേസമയം, ഇന്ത്യയിൽനിന്ന് കുവൈറ്റിലേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ പലരുടെയും യാത്ര യുഎഇ വഴിയാണ്. ഇവിടെ യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചതോടെയാണ് പലരും ബുദ്ധിമുട്ടിലായത്.
ട്രാവൽ ഏജൻറുമാരും കൈയൊഴിഞ്ഞതോടെ ഷാർജയിൽമാത്രം നാൽപ്പതോളം യാത്രക്കാർ ദുരിതത്തിലായി. 14 ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞയുടൻ ഹോട്ടലുകാർ യാത്രക്കാരെ ആവശ്യത്തിന് പണമില്ലാത്തതിനാൽ ഇറക്കിവിട്ടു. താമസത്തിനും ആഹാരത്തിനും വഴിയില്ലാതെ ദിവസങ്ങളോളം ബുദ്ധിമുട്ടിയവർക്ക് ഐസിഎഫ്, ഷാർജ ഐഎംസിസി എന്നീ സംഘടനകളാണ് സഹായം നൽകിയത്. കുവൈറ്റിലേക്കുള്ള യാത്രാനുമതി ലഭിക്കുന്നതുവരെ സംഘടനകൾ സഹായം ഉറപ്പുനൽകിയിട്ടുണ്ട്.