സൗദിക്ക് ഇന്ത്യൻ വാക്സിൻ

ഡൽഹി: ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിൻ സൗദിക്കും നൽകും. ഓക്സഫഡ് സർവകലാശാലയും മരുന്നു കമ്പനിയായ അസ്ട്രാസെനക്കയും ചേർന്നു വികസിപ്പിച്ച വാക്സിനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. 5.25 യുഎസ് ഡോളർ നിരക്കിൽ 30 ലക്ഷം ഡോസുകൾ സൗദിക്കു നൽകും.

ഇപ്പോൾ 24 ലക്ഷം ഡോസുകളാണ് സീറത്തിന്‍റെ പ്രതിദിന ഉത്പാദനം. രണ്ടുമാസം കഴിയുമ്പോൾ ഇത് 30 ശതമാനം വർധിപ്പിക്കും. അതേസമയം, ആഫിക്കയിലെയും ഇന്ത്യയിലെയും വാക്സിൻ വിതരണത്തെ ബാധിക്കുമെന്നതിനാൽ യൂറോപ്പിലേക്ക് വാക്സിൻ നൽകില്ലെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവല്ല പറഞ്ഞു.

പത്തു ദിവസത്തിനുള്ളിൽ വാക്സിൻ സൗദിയിലേക്കു അയയ്ക്കും. ദക്ഷിണാഫ്രിക്കയിലേക്കും 5.25 ഡോളർ നിരക്കിലാണ് 15 ലക്ഷം വാക്സിൻ ഡോസുകൾ അയച്ചത്. 5 ഡോളർ നിരക്കിലാണ് ബ്രസീൽ വാങ്ങിയത്.