ജുബൈൽ: സൗദി അറേബ്യ ആദ്യമായി നിർമിക്കുന്ന കാർ അടുത്തവർഷം പുറത്തിറങ്ങും. ദക്ഷിണ കൊറിയയുടെ സാങ്യോങ് മോട്ടോർ കമ്പനിയുമായി സഹകരിച്ചാണ് സൗദി വാഹന നിർമാണരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ജുബൈലിലാണ് രാജ്യത്തെ ആദ്യ കാർ നിർമാണശാല .
കാർ നിർമാണവുമായി ബന്ധപ്പെട്ട അസംബ്ലി സെന്റർ സ്ഥാപിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. അസംബ്ലി സെന്റർ പ്രവർത്തനക്ഷമമായാലുടൻ കാർ നിർമാണത്തിലേക്ക് കടക്കും. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം പുതിയ ചരിത്രമാകുമിത്. മറ്റു മൂന്ന് ആഗോള വാഹന നിർമാതാക്കളെകൂടി ആകർഷിക്കാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ജുബൈലിലെ റോയൽ കമ്മിഷൻ നടപടി ആരംഭിച്ചതായി വ്യവസായിക നിക്ഷേപ വികസന വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽസഹ്റാനി അറിയിച്ചു.
2040ഓടെ വാഹന വ്യവസായത്തിൽ വൻ കുതിപ്പ് പ്രതീക്ഷിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 20 വർഷത്തിനുള്ളിൽ 40 ശതകോടി റിയാലിന്റെ (10.67 ശതകോടി ഡോളർ) നേരിട്ടുള്ള നിക്ഷേപമാണ് ഈ രംഗത്തേക്ക് കൊണ്ടുവരാൻ റോയൽ കമ്മിഷൻ ശ്രമം നടത്തുന്നത്. സൗദി മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ വാഹന വ്യവസായം 80 ശതകോടി റിയാൽ സംഭാവന നൽകുന്ന അവസ്ഥ സൃഷ്ടിക്കും. നേരിട്ട് 27,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സൗദിയുടെ തന്ത്രപ്രധാനമായ വ്യവസായ പദ്ധതിയുടെ ഭാഗമാണ് രാജ്യത്ത് നിർമാണത്തിനുള്ള ഓട്ടോ കോംപ്ലക്സ്. നേരിട്ടുള്ള വാഹന നിർമാണത്തിൽ ഉപയോഗിക്കുന്ന 90 ശതമാനം അസംസ്കൃത വസ്തുക്കളും ജുബൈൽ വ്യവസായ മേഖലയിൽനിന്നും റാസ് അൽ-ഖൈർ ഇൻഡസ്ട്രിയൽ സിറ്റിയിൽനിന്നും ഉൽപാദിപ്പിക്കും.