ദുബായ്: യുഎഇയിലെ ആദ്യ സൗരോർജ ഫാം 2023-ൽ ഷാർജയിൽ യാഥാർഥ്യമാകുമെന്ന് എമിറേറ്റ്സ് വേസ്റ്റ് ടു എനർജി കമ്പനി. പരിസ്ഥിതി മാനെജ്മെന്റ് കമ്പനിയായ ബിആ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖാലിദ് അൽ ഹുറൈമൽ, മസ്ദാർ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ മൊഹമ്മദ് ജമീൽ അൽ റമഹി എന്നിവർ ഇത് സംബന്ധിച്ച കരാറിൽ ഒപ്പിടും. ഷാർജ വേസ്റ്റ് ടു എനർജി ഫെസിലിറ്റിക്കും ബീആയുടെ മാലിന്യ നിർമാർജന സമുച്ചയത്തിനും സമീപത്തായി ബീആയുടെ അൽ സജ ലാൻഡ്ഫില്ലിന് മുകളിലായാണ് പദ്ധതി നിർമിക്കുക.
ഈ വർഷംതന്നെ ഷാർജ വേസ്റ്റ് ടു എനർജി സംവിധാനം ആരംഭിക്കും. 47 ഹെക്ടറിലായുള്ള പദ്ധതിക്ക് എമിറേറ്റിലെ 100 ശതമാനം മാലിന്യവും ഉപയോഗിക്കും. 30 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 3,00,000 ടണ്ണോളം പുനരുപയോഗിക്കാനാവാത്ത മാലിന്യം സംസ്കരിക്കുന്നതിനുള്ള ശേഷി ഷാർജ വേസ്റ്റ് ടു എനർജിയിലുണ്ടാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 24 മെഗാവാട്ടും രണ്ടാംഘട്ടത്തിൽ 16 മെഗാവാട്ടും സൗരോർജം ഉത്പാദിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പുനരുപയോഗ സൗരോർജ പദ്ധതികളെക്കുറിച്ചും സന്ദർശകരെ ബോധവത്കരിക്കുന്നതിന് പുതിയ സോളാർ ഫാമിന് സമീപം നവീകരണ പഠനകേന്ദ്രവും ബീആ വികസിപ്പിക്കും. പാരിസ്ഥിതിക സുസ്ഥിരത യാഥാർഥ്യമാക്കുകയാണ് ബീആയുടെ ലക്ഷ്യമെന്ന് ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു.