സൗദിയിൽ കോവിഡ് മരണനിരക്ക് രണ്ടായി കുറഞ്ഞു

റിയാദ്​: സൗദി അറേബ്യയിൽ പ്രതിദിന കേവിഡ്​ മരണം രണ്ടായി ചുരുങ്ങി. രാജ്യത്ത്​ കോവിഡ്​ വ്യാപനമുണ്ടായ ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്​. 211 പേർ ഞായറാഴ്​ച സുഖം പ്രാപിച്ചു​. 186 പേർക്കാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 3,66,185ഉം രോഗമുക്തരുടെ എണ്ണം 3,57,728ഉം ആയി.

ആകെ മരണസംഖ്യ 6352 ആയി. അസുഖ ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും 2080 ആയി ഉയർന്നു. ഇതിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 331 ആണ്​​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​.

രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.7 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 82, മക്ക 34, കിഴക്കൻ പ്രവിശ്യ 29, വടക്കൻ ​അതിർത്തി മേഖല 11, അൽബാഹ 6, അസീർ 6, നജ്​റാൻ 5, ഖസീം 4, മദീന 3, ഹാഇൽ 3, തബൂക്ക്​ 2, ജീസാൻ 1.